ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നു. രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകണം എന്ന സമിതി ഐക്യകണ്ഠേന നിർദ്ദേശിക്കുകയും രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ 10 വർഷങ്ങള്‍ക്ക് ശേഷം ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാവുകയാണ്.
എല്ലാ സംസ്ഥാന പിസിസികളും രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ പ്രതിപക്ഷ നേതാവായാൽ അത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പ്രവർത്തകസമിതിയിൽ സംസാരിച്ച അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തിരഞ്ഞെടുപ്പ് വിജയത്തിന് എല്ലാവരോടും നന്ദി പറഞ്ഞു. വിജയത്തിൽ നിർണായക ഘടകമായത് ഭാരത് ജോഡോ യാത്രയാണ്. യാത്ര കടന്നുപോയ വഴികളിലെല്ലാം സീറ്റും വോട്ട് ശതമാനവും വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയെ പാർലമെന്ററി പാർട്ടിയുടെ ചെയർപേഴ്സനായി തിരഞ്ഞെടുക്കും. സോണിയ ഗാന്ധി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്നതില്‍ ചര്‍ച്ച തുടരുന്നു. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.
രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന് ഉത്തർപ്രദേശ് പി സി സി അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടിരുന്നു. റായ്ബറേലി ഗാന്ധി കുടുംബത്തിൻ്റെ തട്ടകമാണ്. യുപി പിസിസിയുടെ നിലപാട് രാഹുലിനെ അറിയിച്ചു കഴിഞ്ഞുവെന്നും അജയ് റായ് പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇരുപത് കൊല്ലമായി സോണിയ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് യുപിയിലെ റായ്ബറേലി.