ഇനി സീറ്റ് പ്രവചനം നടത്തില്ല; തെറ്റുപറ്റിയെന്ന് സമ്മതിച്ച് പ്രശാന്ത് കിഷോർ

തിരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തുന്നത് നിർത്തുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് നടത്തിയ പ്രവചനവും ഫലവും തമ്മിൽ വലിയ അന്തരം ഉണ്ടായതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് ഒരു ഇന്ത്യ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

‘‘എന്റെ വിലയിരുത്തൽ ഞാൻ നിങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ അത് തെറ്റായിരുന്നെന്ന് സമ്മതിക്കുന്നു. ബിജെപി 300 സീറ്റിലെത്തുമെന്ന് പറഞ്ഞെങ്കിലും 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ നരേന്ദ്ര മോദിയോട് ജനങ്ങൾക്ക് നേരിയ അതൃപ്തിയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. – പ്രശാന്ത് കിഷോർ പറഞ്ഞു.

‘എന്നെപ്പോലുള്ള രാഷ്ട്രതന്ത്രജ്ഞർക്കും അഭിപ്രായ സർവേകളിലൂടെ ഫലപ്രഖ്യാപനം പ്രവചിച്ചവർക്കും വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഞങ്ങളുടെ എല്ലാവരുടെയും പ്രവചനം തെറ്റി. ഇത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. ഭാവിയിൽ ഒരിക്കലും ഏതെങ്കിലും പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം നടത്തില്ല.

എന്റെ വിലയിരുത്തലുകൾ തെറ്റായിരുന്നുവെന്നാണ് പുറത്തുവന്ന ഫലം വ്യക്തമാക്കുന്നത്. ഞാൻ പ്രവചിച്ചതിൽ നിന്നും ഏകദേശം 20 ശതമാനത്തോളം വ്യത്യാസമാണ് പുറത്തുവന്ന ഫലം കാണിച്ചത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ മാത്രമാണ് സീറ്റുകളുടെ എണ്ണം സംബന്ധിച്ചുള്ള പ്രവചനം നടത്തിയത്. ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ഞാനിനി അത് ചെയ്യാൻ പാടില്ലെന്ന് സ്വയം മനസിലാക്കുന്നു’ പ്രശാന്ത് കിഷോർ പറഞ്ഞു.

2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും പ്രശാന്ത് കിഷോർ പ്രവചിച്ചിരുന്നു. രണ്ട് മേഖലകളിൽ ബിജെപി സീറ്റ് വർദ്ധിപ്പിക്കുമെന്നും തമിഴ്‌നാട്ടിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ പാർട്ടിക്ക് സാധിക്കുമെന്നും അദ്ദേഹം പ്രവചനം നടത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments