Kerala Government News

സര്‍ക്കാര്‍ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദര്‍ശിക്കാന്‍ ആറു മാസം വരെ അവധി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മക്കളെ സന്ദര്‍ശിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറുമാസം വരെ അവധി അനുവദിച്ച് ഉത്തരവിറങ്ങി. ഇവര്‍ക്ക് ആറു മാസം വരെ അവധി അനുവദിക്കാന്‍ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയാണു ഭേദഗതി. 120 ദിവസം വരെയുള്ള അവധി മതിയെങ്കില്‍ നിയമനാധികാരിക്കുതന്നെ അനുവദിക്കാന്‍ കഴിയും. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു ധനവകുപ്പ് ഉത്തരവിറക്കിയത്.

ആര്‍ജിത, അര്‍ധ വേതന, പരിവര്‍ത്തിത, ശൂന്യവേതന അവധികളില്‍ ഏതെങ്കിലുമാകും എടുക്കാന്‍ കഴിയുക. മൂന്നുവര്‍ഷത്തെ തുടര്‍ച്ചയായ സേവനമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അവധിക്ക് അര്‍ഹത. നേരത്തേ 180 ദിവസം വരെ വിദേശ സന്ദര്‍ശനത്തിന് അവധി ലഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ടായിരുന്നു.

വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിന് പരമാവധി 6 മാസത്തേക്ക് അവധി അനുവദിച്ചു കൊണ്ട് സർക്കാർ 2011-ൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിലേക്കായി ജീവനക്കാർക്ക് ശൂന്യവേതനാവധി ഉൾപ്പെടെ ഉപയോഗപ്പെടുത്താം. മൂന്ന് വർഷത്തിന് മുകളിൽ സേവനം ഉള്ളവർക്ക് 120 ദിവസത്തേക്ക് നിയമനാധികാരി തലത്തിലും, പരമാവധി 180 ദിവസം വരെ വകുപ്പ് മേധാവി തലത്തിലും ശൂന്യവേതനാവധി അനുവദിച്ച് നൽകാം എന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ സർക്കാർ ജീവനക്കാർക്ക് വിദേശത്ത് ജോലി സമ്പാദിക്കുന്നതിനും വിദേശത്തുള്ള ജീവിത പങ്കാളിയുടെ കൂടെ ജീവിക്കുന്നതിനുമുള്ള ശൂന്യവേതനാവധി പരമാവധി 5 വർഷം ആക്കി സർക്കാർ കുറച്ചിരുന്നു. 20 വർഷം വരെ ഉണ്ടായിരുന്ന ശൂന്യവേതനാവധിയാണ് സർക്കാർ 5 വർഷം ആയി കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *