ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും ടി20 ലോകകപ്പിൽ നേർക്കുനേർ വരികയാണ്. കായികലോകം ഉറ്റുനോക്കുന്ന മത്സരത്തില്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ അമേരിക്കയോട് തോറ്റ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്.
എന്തായാലും ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പാകിസ്താന്‍.ഏറ്റവും പ്രധാനമായും പ്ലേയിങ് ഇലവനിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് സൂചന. മുഹമ്മദ് റിസ്വാനെയും സലിം അയൂബിനേയും ഓപ്പണിങ്ങിലേക്ക് പരിഗണിക്കുമെന്നാണ് വിവരം. ഇടംകൈ വലംകൈ കോമ്പിനേഷൻ പരിഗണിക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ നായകൻ ബാബർ അസം മൂന്നാം നമ്പറിൽ എത്തിയേക്കും. അമേരിക്കയ്‌ക്കെതിരേ 43 പന്തില്‍ 44 റണ്‍സാണ് ബാബര്‍ നേടിയത്.
നാലാം നമ്പറില്‍ ഫഖര്‍ സമാന്‍ തുടര്‍ന്നേക്കും. പാകിസ്താന്‍ നിരയില്‍ കടന്നാക്രമിക്കാന്‍ കഴിവുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ഫഖര്‍ സമാന്‍. ബാറ്റിംഗ് നിരയിൽ അഞ്ചാമന്‍ ഉസ്മാന്‍ ഖാനാണ്. ഇഫ്തിഖര്‍ അഹമ്മദാവും ആറാം നമ്പറില്‍. ഇന്ത്യക്കെതിരേ നേരത്തെ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ഇഫ്തിഖര്‍.
അമേരിക്കയ്‌ക്കെതിരേ ബാറ്റുകൊണ്ട് തിളങ്ങിയ ഷദാബ് ഖാന്‍ ഏഴാം നമ്പറില്‍ തുടർന്നേക്കും. മൂന്ന് പേസര്‍മാരേയും പാകിസ്താന്‍ പരിഗണിച്ചേക്കും. ഷഹിന്‍ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് അമീര്‍ എന്നിവരെ പാകിസ്താന്‍ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയേക്കും.
എന്നാൽ ഇന്ത്യക്കെതിരെ ആരെ ഉൾപ്പെടുത്തിയിട്ടും കാര്യമില്ല എന്നാണ് ആരാധകരുടെ പക്ഷം. പാകിസ്ഥാനെതിരെ മികച്ച റെക്കോർഡ് ഉള്ള വിരാട് കോഹ്ലിയും, രോഹിത് ശർമ്മയും ഉള്ളപ്പോൾ എന്ത് പാകിസ്ഥാൻ എന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും ഇന്ത്യക്കെതിരേ ശക്തമായ പ്ലേയിങ് ഇലവനെത്തന്നെ പാക് ടീം കളത്തിലിറക്കിയേക്കും. തോറ്റാല്‍ പാകിസ്താന്റെ സൂപ്പര്‍ 8 സാധ്യതകള്‍ മങ്ങും.