മകളുടെ ആവശ്യത്തിന് ലീവ് ചോദിച്ച പോലിസുകാരന് അഡീഷണൽ ചീഫ് മാർഷലിൻ്റെ ശകാരം. കുഴഞ്ഞ് വീണ പോലിസുകാരനെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. നിയമസഭയിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈന്റെ ശകാരം കേട്ട ഉദ്യോഗസ്ഥനാണ് കുഴഞ്ഞുവീണത്.
ഇദ്ദേഹത്തിൻ്റെ ഭരണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് നിയമസഭയിലെ വാച്ച് ആൻ്റ് വാർഡ് ജീവനക്കാർ. നിയമസഭയിലെ സെക്യൂരിറ്റി ജീവനക്കാരായ ഇവർ പോലിസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്നവരാണ്. ഒന്നാം പിണറായി സർക്കാരിൽ നിയമസഭയിലെ 4 മാർഷലിൽ ഒരാളായിരുന്നു പോലിസ് ഉദ്യോഗസ്ഥനായ മൊയ്തീൻ ഹുസൈൻ.
പാർട്ടി സെക്രട്ടറി ആയിരുന്ന കൊടിയേരി ബാലകൃഷ്ണൻ്റെ ഗൺമാൻ വഴിയാണ് മൊയ്തീൻ നിയമസഭയിൽ കയറി പറ്റിയത്. കൊടിയേരിയുടെ ഗൺമാൻ വിരമിച്ചെങ്കിലും സ്പീക്കർ ഓഫിസിൽ ദിവസ വേതനക്കാരനായി തുടരുകയാണ്. സഖാക്കൾക്ക് വിരമിക്കൽ ഇല്ലല്ലോ!. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് അഡീഷണൽ ചീഫ് മാർഷലായി മൊയ്തീൻ. മൂന്ന് മാസം ചീഫ് മാർഷൽ വിരമിച്ചതിനെ തുടർന്ന് മൊയ്തിൻ ഹുസൈൻ്റെ ഭരണത്തിലാണ് നിയമസഭ.
മുൻ സ്പീക്കർ വിജയകുമാറിൻ്റെ വസതിയിലെ കാവൽക്കാരനായിരുന്ന മൊയ്തിൻ അക്കാലത്ത് നടന്ന സംഭവത്തിൻ്റെ പേരിൽ വകുപ്പ് തല അന്വേഷണം നേരിട്ട വ്യക്തി കൂടിയാണ്. അർഹതപ്പെട്ട ലീവ് കൊടുക്കാതെ പോലിസുകാരെ മൊയ്തീൻ നിരന്തരം ഉപദ്രവിക്കുന്നും എന്ന ആക്ഷേപവും ഉണ്ട്. നിയമസഭയുടെ പുതിയ സെക്രട്ടറിയായി നിയമിതനായ ഡോ. എൻ. കൃഷ്ണകുമാറിനോട് മൊയ്തീനെതിരെ പരാതിപ്പെടാൻ ഒരുങ്ങുകയാണ് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ.
മാർച്ച് 15 ന് നിയമസഭയിൽ നടന്ന പ്രതിഷേധത്തിൽ മൊയ്തിൻ ഹുസൈൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ സാമാജികരെ കയ്യേറ്റം ചെയ്തു എന്ന പരാതി കോൺഗ്രസ് എംഎൽഎ സനീഷ് കുമാർ നൽകിയിരുന്നു.