KeralaMalayalam Media LIvePolitics

സിപിഎം പരാജയ പാപഭാരം മന്ത്രിസഭയിലേക്ക്; കെ.എന്‍. ബാലഗോപാലിന്റെ ധനകാര്യം തെറിക്കും

ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട പരാജയത്തിന്റെ പാപഭാരം ചുമക്കാന്‍ സിപിഎം ആളെ തേടുന്നു. തെറിക്കുന്ന കസേരകളില്‍ ആദ്യത്തേത് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റേതായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

പകരം എം.ബി. രാജേഷിനെ ധനകാര്യം ഏല്‍പ്പിക്കാനുള്ള സാധ്യതകളാണ് പാർട്ടി ആലോചിക്കുന്നത്. ധനപ്രതിസന്ധിയെക്കുറിച്ച് ജനങ്ങളുമായി കൃത്യമായി ആശയവിനിമയം നടത്താൻ ബാലഗോപാലിന് ആയില്ലെന്നാണ് കാരണമായി പാർട്ടി കാണുന്നത്. ധനകാര്യ മാനേജ്മെൻ്റിൽ ബാലഗോപാൽ പരാജയപ്പെട്ടത് തിരിച്ചടി ആയെന്നാണ് സിപിഎമ്മിൻ്റെ പ്രാഥമിക വിലയിരുത്തൽ.

ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കാൻ സാധിക്കാതിരുന്നതും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ മുടങ്ങിയതും ധന വകുപ്പിൻ്റെ പരാജയമായിട്ടാണ് പാർട്ടി വിലയിരുത്തുന്നത്. ഐസക്കിൻ്റെ കാലത്ത് ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുത്തിരുന്നു.

തുടർഭരണം ലഭിച്ചതിൻ്റെ കാരണവും മറ്റൊന്നല്ല. കിട്ടാവുന്നിടത്തെല്ലാം ഐസക്ക് കടം വാങ്ങിച്ച് കൂട്ടിയതാണ് ധന തകർച്ചക്ക് കാരണമെന്നാണ് ബാലഗോപാലിൻ്റെ പക്ഷം. ഐസക്കിൻ്റെ കാലത്തേക്കാൾ തനത് വരുമാനത്തിൽ ഗണ്യമായ വളർച്ച തൻ്റെ കാലത്ത് ഉണ്ടായി എന്ന് ബാലഗോപാൽ അടുത്തിടെ ഫേസ് ബുക്കിൽ കുറിച്ചിരുന്നു.

അനാരോഗ്യവും ബാലഗോപാലിനെ അലട്ടുന്നുണ്ട്. സ്പീക്കർ കസേരയിൽ നിന്ന് തദ്ദേശത്തിലെത്തിയ എം.ബി രാജേഷിൻ്റെ കാലത്താണ് തെരുവ് നായ ശല്യം ഏറ്റവും രൂക്ഷമായത്. തെരുവ് നായ ശല്യം പരിഹരിക്കാൻ പോലും കഴിയാത്ത രാജേഷിനെ കൊണ്ട് ധനവകുപ്പ് ഭരിക്കാൻ പറ്റുമോയെന്ന് കണ്ടറിയണം. ലോക് സഭയിലേക്ക് ജയിച്ച കെ. രാധാകൃഷ്ണനു പകരം മന്ത്രി സ്ഥാനത്തേക്ക് ശാന്തകുമാരി, കേളു, സച്ചിൻ ദേവ്, ശ്രീനിജൻ എന്നിവരുടെ പേരുകളാണ് ഉയർന്നു കേള്‍ക്കുന്നത്.

വീണ ജോർജ്, എ.കെ ശശീന്ദ്രൻ എന്നിവരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും. വനത്തിൻ്റെ ചുമതല ഗണേശിനെ ഏൽപിച്ച് ഗതാഗതം ശശീന്ദ്രന് നൽകും. പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും ഭരണ വിരുദ്ധ വികാരമാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നാണ് സർക്കാർ വിലയിരുത്തൽ. മുഖം മിനുക്കിയില്ലെങ്കിൽ തദ്ദേശത്തിലും നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാകുമെന്ന് കണ്ടാണ് ശക്തമായ തീരുമാനത്തിലേക്ക് കടക്കുന്നത്. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനം ആയിട്ടുണ്ട്.

One Comment

Leave a Reply

Your email address will not be published. Required fields are marked *