
രോഹിത്തിന്റെ ചിറകിലേറി ടീം ഇന്ത്യ ; ടി20 ലോകകപ്പിൽ ജയത്തോടെ തുടക്കം; അയർലാൻഡിനെതിരെ 8 വിക്കറ്റ് ജയം.
ടി20 ലോകകപ്പിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. അതാണ് രോഹിത്തും കൂട്ടരും ഇന്ന് നേടിയത്. 97 റൺസെന്ന വളരെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം ഇന്ത്യ 12.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമ 37 പന്തിൽ 52 റൺസുമായി ജയം വേഗത്തിലാക്കി. 1 റൺസുമായി മടങ്ങിയ വിരാട് കോഹ്ലിയുടെയും സൂര്യകുമാർ യാദവിന്റെയും വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. വൺഡൗൺ ആയെത്തിയ ഋഷഭ് പന്ത് 36 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി അയർലാന്റിനെ ബാറ്റിംഗിന് അയച്ച രോഹിത് ശർമ്മയുടെ തീരുമാനം ശെരി വെക്കുന്ന രീതിയിലായിരുന്നു ബോളർമാരുടെ പ്രകടനം. താരതമ്യേന വേഗത കുറഞ്ഞ പിച്ചിൽ പന്തെറിഞ്ഞ ബൗളർമാർ ഐറിഷ് ബാറ്റർമാരെ വരിഞ്ഞു മുറുക്കി. ഓപ്പണർമാരായ ബാൽബിർണി, സ്റ്റിർലിംഗ് എന്നിവരെ പുറത്താക്കി അർഷ്ദീപ് പട്ടേൽ ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മൂന്നു വിക്കറ്റ് നേടിയ ഹാർദിക് പാണ്ട്യയും, ജസ്പ്രീത് ബൂംറയും ചേർന്ന് അയർലാൻഡ് ഇന്നിങ്സ് 96 റൺസിൽ ഒതുക്കി. ഐറിഷ് നിരയിൽ 4 പേർ മാത്രമാണ് രണ്ടക്കം നടന്നത്.

സന്നാഹ മത്സരത്തിൽ ഓപൺ ചെയ്ത മലയാളിതാരം സഞ്ജു സാംസണ് അന്തിമ ഇലവനിൽ ഇടം നേടാനായില്ല. ജൂൺ 9 നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ചിരവൈരികളായ പാകിസ്ഥാൻ ആണ് എതിരാളികൾ.