കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കി മുന്നോട്ടു പോയ നരേന്ദ്രമോഡി അമിത് ഷാ കൂട്ടുകെട്ടിന് പ്രഹരം ഏൽപ്പിച്ച് താരമായിരിക്കുകയാണ് രാഹുൽ ഗാന്ധി. ഒരു ഘട്ടത്തിൽ ഗ്രാഫ് താഴേക്ക് പോയിരുന്ന കോൺഗ്രസിനെ ജനങ്ങളുമായി ചേർത്ത് നിർത്താൻ ഇന്ത്യയുടെ തെരുവിൽ ഇറങ്ങിയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മുതൽ ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിന് നൽകിയ നേതൃത്വം വരെ ഇത്തവണ നിർണായകമായി.
പാര്‍ട്ടിയേയും സഖ്യത്തേയും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍, വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. രാജ്യത്തെ നടന്നുകണ്ട ജോഡോ യാത്രകളും തിരഞ്ഞെടുപ്പ് കാലത്തെ വമ്പന്‍ പ്രചാരണങ്ങളും രാഹുലിനെ ഇന്ത്യ സഖ്യത്തിന്റെ മുഖമാക്കി നിര്‍ത്തി.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 107 പൊതുപരിപാടികളിലാണ് രാഹുല്‍ പങ്കെടുത്തത്. വയനാട്ടിലും റായ്ബറേലിയിലും ജനവിധി തേടി. വേദികളില്‍ ചുവപ്പുചട്ടയുള്ള ഭരണഘടനയുമായാണ് രാഹുല്‍ ഗാന്ധി എത്തിയത്. ബി.ജെ.പി. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന ആരോപണം ശക്തമായി ഉന്നയിക്കാനായിരുന്നു രാഹുലിന്റെ ശ്രമം.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞിട്ടും പാര്‍ട്ടിയുടെ പരാജയങ്ങളിലെല്ലാം രാഹുല്‍ പഴിക്കപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് രാഹുല്‍ തെക്കുനിന്ന് വടക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറേക്കും യാത്ര നടത്തി പാര്‍ട്ടിക്കും രാജ്യത്തെ ജനങ്ങള്‍ക്കും ഉണര്‍വ് നല്‍കിയത്. ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടുവെന്ന രക്തസാക്ഷി പരിവേഷം രാഹുലിന് അനുകൂലമായ തരംഗമുണ്ടാക്കി. ശക്തമായ വിമര്‍ശനങ്ങളിലൂടെയും മൂർച്ചയേറിയ വാക്ശരങ്ങളിലൂടെയും മോദിയെ പേരെടുത്ത് ആക്രമിക്കാന്‍ രാഹുല്‍ ഒരിക്കലും മടിച്ചില്ല. അതേസമയം, ബി.ജെ.പി. മുന്നോട്ടുവെക്കുന്ന അജന്‍ഡകളില്‍ വീഴാതെയും സൂക്ഷ്മത പാലിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ പാര്‍ട്ടി നേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറിയ രാഹുല്‍ ഗാന്ധി പക്ഷേ വോട്ടര്‍മാരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ഒരറ്റത്തുനിന്ന് മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിട്ടുപോവുന്നതിനിടയില്‍ മറ്റൊരറ്റത്ത് പാര്‍ട്ടിയെ ചേര്‍ത്തുനിര്‍ത്തി. സംഘപരിവാറിനെതിരെ പോരാട്ടത്തിന് ധൈര്യമുള്ളവര്‍ മാത്രം ഒപ്പം നിന്നാല്‍ മതിയെന്ന് രാഹുല്‍ പ്രഖ്യാപിച്ചു.
ഇംഗ്ലീഷ്- ഹിന്ദി മാധ്യമങ്ങളില്‍ മോദിക്കെതിരായ പോരാട്ടത്തില്‍ ലെവല്‍ പ്ലേയിങ് ഫീല്‍ഡ് നഷ്ടപ്പെട്ടപ്പോള്‍, സാമൂഹിക മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചാരണം നടത്തി. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഗ്യാരന്റികളുടെ മുഖമായും രാഹുല്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യ സഖ്യത്തില്‍ രാഹുലിന്റെ നേതൃത്വത്തെ ചൊല്ലി ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും മഹാരാഷ്ട്രയില്‍ ഉദ്ധവ് ശിവസേനയ്ക്കും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിനും ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനുമടക്കം പ്രിയങ്കരനായി രാഹുൽ ഗാന്ധി നിലകൊണ്ടു.