ചന്ദ്രബാബു നായിഡു മോദിക്കൊപ്പം തന്നെ; വിലപേശുന്നത് വന്‍ കാര്യങ്ങള്‍ക്ക്

Chandrababu Naidu

ദില്ലി: തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാത്ത ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നു. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായിരിക്കും പുതിയ മോദി സര്‍ക്കാരിലെ കിങ് മേക്കര്‍മാരെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.

ഇവരെ അടര്‍ത്തിയെടുക്കാന്‍ ഇന്ത്യ മുന്നണി ശ്രമിക്കുമോ എന്ന ആശങ്ക ബിജെപി ക്യാമ്പിലുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇവരുടെയും പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം നടത്തിയേക്കും.

എന്‍.ഡി.എയോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു വിലപേശല്‍ ആരംഭിച്ചുകഴിഞ്ഞു. ആഭ്യന്തര മന്ത്രി സ്ഥാനം ചോദിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. വഴങ്ങിയില്ലെങ്കില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി എം.പിമാരെ അടര്‍ത്താനും ആലോചനുയുണ്ട്. നിലവില്‍ ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്യുന്ന അമിത് ഷായും ചന്ദ്രബാബു നായിഡുവും തമ്മില്‍ അത്ര നല്ല ബന്ധമല്ല. അതിനാല്‍ തന്നെ അമിത് ഷായെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള തന്ത്രങ്ങളും ടിഡിപി ആലോചിക്കുമെന്നും വിലയിരുത്തുന്നു.

എന്‍സിപി അജിത് പവാര്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ തിരിച്ചെത്തുമെന്ന് രോഹിത് പവാര്‍ എം.എല്‍.എ. 12 എംഎല്‍എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും രോഹിത് പവാര്‍ പറഞ്ഞു. മൂന്നാമതും പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിനിടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു ചേരും.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കണോ എന്ന കാര്യത്തില്‍ ഇന്ത്യ മുന്നണി ഇന്ന് തീരുമാനമെടുക്കും. വൈകീട്ട് ആറുമണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ത്യ നേതാക്കള്‍ യോഗം ചേരും. തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍നിന്ന് അകന്നുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തേക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments