11 നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാമത്! 17 ലോക്‌സഭാ മണ്ഡലങ്ങളിലും വോട്ട് ശതമാനം കൂടി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ട് ശതമാനത്തില്‍ വര്‍ദ്ധനവ്. 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും 9 ഇടത്ത് രണ്ടാമതും എത്തിയാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പില്‍ 2019നേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. ആകെ 18 നിയമസഭാ മണ്ഡലങ്ങളിലാണ് ഇടതുമുന്നണിക്ക് മുന്നേറാനായത്. 111 മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് മുന്നേറ്റം.
17 ലോക്‌സഭ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിലൊഴികെ ബാക്കി എല്ലായിടത്തും 9 ശതമാനം മുതല്‍ 37 ശതമാനം വരെ വോട്ട് ഷെയര്‍ നേടാന്‍ ബിജെപിക്ക് സാധിച്ചുവെന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് ആദ്യമായി ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച തൃശൂരിലാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ലഭിച്ചിരിക്കുന്നത്. 37.80 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. 2019 ല്‍ ഇവിടെ 28.19 ശതമാനമായിരുന്നു. 39.83 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് തകര്‍ന്നാണ് ഇവിടെ യു.ഡി.എഫ് പരാജയം ഏറ്റുവാങ്ങിയത്. എല്‍.ഡി.എഫിന് ഇത്തവണ കിട്ടിയത് 30.95 ശതമാനം വോട്ടുകളാണ്. തിരുവനന്തപുരത്ത് 35.52 ശതമാനം വോട്ട് ഷെയറാണ് എന്‍.ഡി.എ നേടിയിരിക്കുന്നത്. യു.ഡി.എഫിനും, എല്‍.ഡി.എഫിനും ഇവിടെ വോട്ട് ശതമാനം കുറഞ്ഞു. 10 ശതമാനത്തിലേറെയാണ് ബിജെപിയുടെ വളര്‍ച്ച. ആറ്റിങ്ങല്‍ മണ്ഡലത്തിലും 31.64 ശതമാനം വോട്ട് നേടി ഇരുമുന്നണികളെയും വിറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. ആലപ്പുഴയിലും ബിജെപിക്ക് വോട്ട് ശതമാനത്തില്‍ മുന്നോട്ടുപോകാന്‍ സാധിച്ചിട്ടുണ്ട്.
ബിജെപിയുടെ സ്വാധീനമണ്ഡലമായ പത്തനംതിട്ടയില്‍ 2019 ല്‍ 28.97 ശതമാനമായിരുന്ന വോട്ട് ഷെയര്‍ ഇത്തവണ 25.49 ശതമാനം ആയി എങ്കിലും അത് സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യതയില്ലായ്മയായാണ് വിലയിരുത്തുന്നത്.
നിയമസഭ മണ്ഡല അടിസ്ഥാനത്തിലും ബിജെപിക്ക് നേട്ടം തന്നെയാണ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 11 നിയമസഭ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. 9 മണ്ഡലങ്ങളില്‍ രണ്ടാമതും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങലിലെ ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂരിലെ പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോവളം, കായംകുളം, ഹരിപ്പാട്, പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം, വര്‍ക്കല എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനം.