
കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച തമിഴ്‌നാട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ (ഡിഎംകെ) ഗണപതി രാജ്കുമാറിനോട് 1,14,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഗണപതി 5,53,470 വോട്ടുകൾ നേടിയപ്പോൾ, അണ്ണാമലൈക്ക് 4,39,168 വോട്ടുകളാണ് ലഭിച്ചത്. അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ (എഐഎഡിഎംകെ) സിംഗൈ രാമചന്ദ്രൻ 2.2 ലക്ഷം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
പ്രചാരണവേളയിൽ കോയമ്പത്തൂരിൽ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ ബി.ജെ.പിക്ക് വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിലും ഒന്നാമതെത്താൻ സാധിച്ചില്ല.
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആയ അണ്ണാമലൈയുടെ നേതൃത്വത്തിൽ ആണ് തമിഴ്നാട്ടിൽ ബി.ജെ.പി മത്സരത്തിന് ഇറങ്ങിയത്.
എഐഎഡിഎംകെയുടെ കോട്ടയായി കണക്കാക്കപ്പെടുന്ന കോയമ്പത്തൂർ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ പാർട്ടികളും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടം നടക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ ഡി.എം.കെ സീറ്റ് നേടിയെടുത്തു.
തമിഴ്‌നാട്ടിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പ്രബലമായ സാമൂഹികമായും സാമ്പത്തികമായും ശക്തരായ കൊങ്കു വെള്ളാള ഗൗണ്ടർ സമുദായത്തിൽ പെട്ടയാളായതിനാൽ അണ്ണാമലൈയുടെ ജനപ്രീതിയും ജാതി ഘടകവുമാണ് ബി.ജെ.പി അദ്ദേഹത്ത അവിടെ മത്ധരിപ്പിക്കാനുള്ള മേൻമയായി ചൂണ്ടിക്കാട്ടിയത്.
വ്യാവസായിക കേന്ദ്രവും സാമുദായിക പ്രാധാന്യവും ഉള്ള പ്രദേശവുമായ കോയമ്പത്തൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് വിജയം നേടാൻ സാധിക്കില്ലെന്ന് ഇതോടെ തെളിഞ്ഞു. .