കോട്ടയം: രണ്ടില കരിഞ്ഞു. കോട്ടയത്ത് ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ വൻ തോൽവിയിലേക്ക്. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ ലീഡ് 66000 കടന്നു.
2019 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച തോമസ് ചാഴിക്കാടൻ 1,06,251 ൻ്റെ വൻഭൂരിപക്ഷത്തിൽ ജയിച്ച സ്ഥലത്താണ് വൻ തിരിച്ചടി നേരിട്ടത്. ജോസ് കെ മാണിയുടെ പാർട്ടിയുടെ ഭാവി എന്താകും എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ജൂലൈ 1 ന് ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ ഒരെണ്ണം സിപിഎം ജോസ് കെ മാണിക്ക് കൊടുത്തില്ലെങ്കിൽ ഇന്ത്യാ മുന്നണി സംഖ്യത്തിലെ എംപി ഇല്ലാ കക്ഷിയായി ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മാറും. ഒഴിവ് വരുന്ന 3 രാജ്യസഭ സീറ്റുകളിൽ 2 എണ്ണത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ജയിക്കാൻ സാധിക്കുന്നത്.
സിപിഎമ്മും സിപിഐയും രണ്ട് സീറ്റ് പങ്കിട്ടെടുത്താൽ ജോസ് കെ മാണി അനാഥമാകും. കയ്യിലിരുന്ന ലോക സഭ എം.പി സ്ഥാനവും പോയി. രാജ്യസഭ എം പി സ്ഥാനവും നഷ്ടപ്പെട്ടാൽ രാഷ്ട്രിയമായി തകർന്നു തരിപ്പണമാകും ജോസ് കെ മാണിയുടെ കേരള കോൺഗ്രസ്.
കോട്ടയത്ത് ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തോടെ യത്ഥാർത്ഥ കേരള കോൺഗ്രസ് തൻ്റേത് എന്ന് ജോസഫിന് അവകാശപ്പെടാം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോട്ടയത്തെ യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ യു.ഡി.എഫ് ക്യാമ്പ് വിട്ടിട്ടും വൻ വിജയം നേടാനായതിൽ യു.ഡി എഫിനും അഭിമാനിക്കാം.