ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പത്തനംതിട്ടയില്‍ നാണംകെട്ട് ആൻ്റണി പുത്രൻ അനിൽ ആൻ്റണി. ബി.ജെ.പിയുടെ സ്റ്റാർ മണ്ഡലമായ പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്താണ് അനിൽ ആൻ്റണി.
2.34 ലക്ഷം വോട്ടാണ് അനിൽ ആൻ്റണിക്ക് കിട്ടിയത്. 2019 ൽ കെ. സുരേന്ദ്രന് 2.97 ലക്ഷം വോട്ട് പത്തനംതിട്ടയിൽ ലഭിച്ചിരുന്നു. കഴിഞ്ഞ തവണത്തെക്കാൾ 63,000 വോട്ടിൻ്റെ കുറവ് ബി.ജെ.പി വോട്ടിൽ ഉണ്ടായി. പി.സി ജോർജോ ഷോൺ ജോർജോ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചവരെ അമ്പരിപ്പിച്ചായിരുന്നു അനിൽ ആൻ്റണി സ്ഥാനാർത്ഥിയായി എത്തിയത്.
പത്തനംതിട്ടയിൽ നിർണായക വോട്ട് ബാങ്കുള്ള ബിലിവേഴ്സ് ചർച്ച് കേന്ദ്ര ഇടപെടൽ മൂലം അനിൽ ആൻ്റണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആദ്യമായിട്ടാണ് സംസ്ഥാനത്തെ ഒരു ക്രൈസ്ത വിഭാഗം ബി.ജെ. പിക്ക് പരസ്യ പിന്തുണ നൽകിയത്. എന്നിട്ടും ദയനിയ തോൽവിയാണ് അനിലിന് സംഭവിച്ചത്.
എ.കെ. ആൻ്റണിയുടെ മകൻ എന്ന പരിഗണനയിൽ മാത്രം ബി.ജെ.പിയിൽ അവസരങ്ങൾ കിട്ടിയ വ്യക്തിയാണ് അനിൽ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അനിൽ ആൻ്റണിയായിരുന്നു കോൺഗ്രസിൻ്റെ ഐ.ടി വിഭാഗത്തെ നയിച്ചത്. അതും ദയനിയ പരാജയമായിരുന്നു. ബി.ജെ.പിയിൽ പോയിട്ടും അനിലിന് രക്ഷയില്ല.
നൂലിൽ കെട്ടിയിറങ്ങിയവർക്ക് ജനങ്ങൾക്ക് ഇടയിൽ ശോഭിക്കാൻ ആവില്ല എന്നാണ് അനിലിൻ്റെ ദയനിയ പരാജയം ഓർമ്മപ്പെടുത്തുന്നത്. 66000 വോട്ടിന് മുകളിലാണ് പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയുടെ ഭൂരിപക്ഷം. എക്സിറ്റ് പോളിൽ മൂന്നാം സ്ഥാനത്തായിരുന്ന ഐസക്ക് രണ്ടാം സ്ഥാനത്ത് എത്തി.