
T20 World Cup: കരുത്തറിയിച്ച് വെസ്റ്റ് ഇൻഡീസ്; പാപുവ ന്യൂഗിനിയയെ അഞ്ചുവിക്കറ്റിനു തോൽപിച്ചു
ടി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിൻഡീസ് ജയത്തോടെ തുടങ്ങി . പാപുവാ ന്യൂഗിനിയുമായുള്ള ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പി.എൻ.ജി നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പുറത്താകാതെ 42 റൺസെടുത്ത റോസ്റ്റൺ ചേസാണ് ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പി.എൻ.ജിക്ക് വേണ്ടി മധ്യനിര ബാറ്റർ സെസി ബാവു നേടിയ അർധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 43 പന്തിൽ ആറു ഫോറും ഒരു സിക്സും ഉൾപ്പെടെ 50 റൺസെടുത്താണ് സെസി പുറത്തായത്.

അസ്സദ് വാല (21), കിൽപിൻ ഡോറിഗ (27), ചാദ് സോപർ (10), ചാൾസ് അമിനി(12) എന്നിവരാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ. വിൻഡീസിന് വേണ്ടി അൽസാരി ജോസഫും ആന്ദ്രേ റസ്സലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ വിൻഡീസ് മികച്ച പ്രകടനം പുറത്തെടുത്തു. ബ്രണ്ടൻ കിങ് (34), ജോൺസൺ ചാൾസ് (0), നിക്കോളസ് പൂരാൻ (27), റോവ്മാൻ പവൽ (15), ഷെർഫെൻ റൂഥർഫോഡ്(2) എന്നിവരാണ് പുറത്തായത്.

15 റൺസുമായി ആന്ദ്രേ റസ്സൽ പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 24 പന്തിൽ 40 റൺസ് എന്ന നിലയിൽ വിൻഡീസിന് റൺസ് ആവശ്യമായിരുന്നു. അട്ടിമറി മുന്നിൽ കണ്ട വിൻഡീസിനെ അവസാന ഓവറുകളിൽ റസ്സലും ചേസും നടത്തിയ ചെറുത്തു നിൽപ്പാണ് രക്ഷിച്ചത്. പി.എൻ.ജിക്ക് വേണ്ടി നായകൻ അസ്സദുള്ള വാല രണ്ടുവിക്കറ്റ് വീഴ്ത്തി.