ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്.
ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും.
സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.
സഞ്ജുവിന്റെ മുൻ വീഡിയോകൾ പരിശോധിക്കും. വാഹനവുമായി ബന്ധപ്പെട്ട് ഇത്തരം വീഡിയോകൾ ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.