പാകിസ്ഥാനുവേണ്ടി ചാരവൃത്തി: ബ്രഹ്‌മോസ് മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം

Nishant Agarwal, former BrahMos engineer, gets life imprisonment for spying for Pakistan's ISI

നാഗ്പുര്‍: പാക് ചാരസംഘടനയായ ISIയ്ക്കായി ചാരവൃത്തി നടത്തിയ കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് നാഗ്പൂര്‍ ജില്ലാ കോടതി. ബ്രഹ്‌മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് കോടതി ശിക്ഷിച്ചത്.

ജീവപര്യന്തം തടവിനൊപ്പം 14 വര്‍ഷത്തെ കഠിനതടവും മൂവായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പുകള്‍, ഐ.ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് നിശാന്ത് അഗര്‍വാളിനെ കോടതി ശിക്ഷിച്ചത്.

ബ്രഹ്‌മോസ് മിസൈലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ചോര്‍ത്തിനല്‍കിയതിന് 2018ലാണ് നിശാന്ത് അറസ്റ്റിലായത്. ബ്രഹ്‌മോസിലെ മിസൈല്‍ സെന്ററില്‍ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. ഇക്കാലയളവിലാണ് മിസൈലുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ISIയ്ക്ക് ചോര്‍ത്തി നല്‍കിയത്.

മിലിട്ടറി ഇന്റലിജന്‍സും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് നിശാന്തിനെ പിടികൂടിയത്. വിചാരണ തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നാഗ്പുര്‍ കോടതി വിധി പ്രസ്താവിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments