സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ വരുത്താൻ അവസരം. പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും ആവശ്യപ്പെടാം. ജൂൺ 10 നു മുൻപ് ഇതിനുള്ള അപേക്ഷ നൽകണം.
വിവിധ സർക്കാർ വകുപ്പുകൾ, യൂണിവേഴ്സിറ്റികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഡിഡിഒ മാർക്ക് അപേക്ഷ സമർപ്പിക്കാം. പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്.
ഡാറ്റയിലെ തെറ്റുകൾ പരിശോധിച്ച് വ്യക്തിഗത വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും ആശ്രിതരെ കൂട്ടിച്ചേർക്കുന്നതിനും കഴിയും. ഒഴിവാക്കേണ്ടവരെ ഒഴിവാക്കുകയും ചെയ്യാം. നിർദ്ദിഷ്ട തീയതിക്കു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐഡി കാർഡിൽ പ്രതിഫലിക്കില്ല. എന്നാൽ നവജാത ശിശുക്കൾ, പുതുതായി വിവാഹം കഴിക്കുന്നവർ എന്നിവരുടെ വിവരങ്ങൾ തുടർന്നും ഉൾപ്പെടുത്താം.