ലോകക്രിക്കറ്റിൽ ഇന്ത്യൻ താരം വിരാട് കോഹ്ലിക്കുള്ള സ്ഥാനം വളരെ വലുതാണ്. തന്റെ ഫോമിനും, ഫിറ്റ്നസിനും ഒരു കോട്ടവും ഉണ്ടായിട്ടില്ല എന്ന് കോഹ്ലി അനുദിനം തെളിയിക്കുന്നുമുണ്ട്. 2023ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്കാരം കോഹ്‍ലി ഏറ്റുവാങ്ങി.
പുരസ്കാരവും തൊപ്പിയും ഏറ്റുവാങ്ങുന്നതിന്റെ വിഡിയോ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. നാലാം തവണയാണ് കോഹ്ലി ഈ പുരസ്കാരം നേടുന്നത്. 2012, 2017, 2018 വർഷങ്ങളിലും ലോകത്തെ മികച്ച ഏകദിന ക്രിക്കറ്ററായിരുന്നു കോഹ്ലി. 2023ലെ ഐ.സി.സി പുരുഷ ക്രിക്കറ്റ് ടീമിലും കോഹ്‍ലി ഇടംപിടിച്ചിരുന്നു.
![](https://malayalammedia.live/wp-content/uploads/2024/06/Virat-Kohli-receives-ICC-Mens-ODI-Player-of-the-Year-2023-Award-1-1024x630.jpg)
കഴിഞ്ഞ വർഷം തകർപ്പൻ ഫോമിലായിരുന്ന താരം 27 ഏകദിനങ്ങളിൽ ആറ് സെഞ്ച്വറിയും എട്ട് അർധസെഞ്ച്വറിയും അടക്കം 72.47 ശരാശരിയിൽ 1377 റൺസാണ് അടിച്ചുകൂട്ടിയത്. 99.13 ആയിരുന്ന സ്ട്രൈക്ക് റേറ്റ്. ഇന്ത്യയുടെ ഏഷ്യാ കപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം, ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറിയും ആറ് അർധസെഞ്ച്വറികളും അടക്കം 765 റൺസാണ് നേടിയത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന ബാറ്റർ എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി.2003ലെ ലോകകപ്പിൽ 673 റൺസ് നേടിയ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിലും കോഹ്ലി തന്റെ റൺവേട്ട തുടർന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിക്കൊണ്ടാണ് സീസൺ അവസാനിപ്പിച്ചത്. ലോകകപ്പ് മത്സരങ്ങളിലും താരം ഇതേ ഫോം തുടർന്നാൽ ഇന്ത്യയ്ക്ക് അനായാസം ലോകകപ്പ് കിരീടം കൈപ്പിടിയിൽ ഒതുക്കാം.