ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റൺമല കെട്ടി കാനഡയും യുഎസ്എയും. ആവേശപ്പോരാട്ടത്തിൽ യുഎസ്എ കാനഡയെ 7 വിക്കറ്റിനു തോൽപിച്ചു.
ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. 44 പന്തിൽ 61 റൺസെടുത്ത ഇന്ത്യൻ വംശജനായ നവനീത് ധാലിവാലാണ് കാനഡയുടെ ടോപ് സ്കോററർ. 51 റൺസെടുത്ത നിക്കോളാസ് കിർട്ടണും കനേഡിയൻ നിരയിൽ തിളങ്ങി.
ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ജോണ്‍സനൊപ്പം 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാള്‍ കാനഡയ്ക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ജോണ്‍സണെ യുഎസ് ടീമിലെ മറ്റൊരു ഇന്ത്യക്കാരനായ ഹര്‍മീത് സിങ്ങാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ പര്‍ഗാത് സിങ്ങിന് കാര്യമായ സംഭാവന നല്‍കാനായില്ല.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിര്‍ട്ടനെ കൂട്ടുപിടിച്ച് 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാള്‍ സ്‌കോര്‍ 100 കടത്തി. 15-ാം ഓവറില്‍ ധാലിവാളിനെ പുറത്താക്കി മുന്‍ ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 195 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ യു എസ് എ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു.
ഓപ്പണിങ് ബാറ്റർമാരെ നേരത്തെ നഷ്ടമായെങ്കിലും പിന്നാലെ വന്ന ആരോൺ ജോൺസും, ആൻഡ്രിസ് ഗൗസും ടീമിനെ മുന്നോട്ട് നയിച്ചു. ആൻഡ്രിസ് 46 പന്തിൽ നിന്നും 65 റൺസ് നേടി. ആരോൺ ജോൺസ് 40 പന്തിൽ 94 റൺസ് നേടി പുറത്താകാതെ നിന്നു.