
T20 World Cup: കടുവകളെ തുരത്തി ഇന്ത്യൻ പുലികൾ; സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 62 റൺസിന് തകർത്ത് ടീം ഇന്ത്യ
സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഇന്നിങ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 120 റൺസിൽ അവസാനിച്ചു.
ഇന്ത്യൻ നിരയിൽ ഓപ്പണറായി എത്തിയ മലയാളി താരം സഞ്ജു സാംസൺ രണ്ടാം ഓവറിൽ എൽബിഡബ്ല്യു ആയി പുറത്തായി. ശേഷം എത്തിയത് വൺഡൗണായി ഋഷഭ് പന്ത്.

രോഹിത്തും പന്തും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 48 റൺസാണ് കൂട്ടിചേര്‍ത്തത്. സഞ്ജുവിനെ ഷൊറിഫുള്‍ ഇസ്ലാം പുറത്താക്കിയപ്പോള്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് മഹമ്മുദുള്ളയാണ് നേടിയത്.19 പന്തിൽ 23 റൺസായിരുന്നു രോഹിത്തിന്റെ നേട്ടം. ഋഷഭ് പന്ത് 32 പന്തിൽ 53 റൺസ് നേടി റിട്ടേര്‍ഡ് ഔട്ട് ആയപ്പോള്‍ 18 പന്തിൽ 31 റൺസ് നേടി സൂര്യകുമാര്‍ യാദവും 23 പന്തിൽ 40 റൺസ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ സ്കോറിംഗ് വേഗത കൂട്ടി.

മറുപടി ബാറ്റിംഗിൽ തകർച്ചയോടെ ആയിരുന്നു ബംഗ്ലാദേശ് ഇന്നിങ്സ് ആരംഭിച്ചത്. റണ്ണൊന്നും എടുക്കാതെ സൗമ്യ സർക്കാരിനെയും, 6 റൺസ് നേടിയ ലിറ്റൺ ദാസിനെയും പുറത്താക്കി അർഷ്ദീപ് സിങ് ബംഗ്ലാദേശിനു ഇരട്ട പ്രഹരം നൽകി.

പിന്നീട് വന്ന ബാറ്റർമാർക്കൊന്നും തന്നെ കാര്യമായ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. 40 റൺസ് നേടിയ മുഹമ്മദുള്ളയാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ശിവം ദുബൈയും അർഷ്ദീപ് സിങ്ങും 2 വിക്കറ്റ് വീതം നേടി. ബുധനാഴ്ച അയർലാന്റിനോടാണ് ഇന്ത്യയുടെ ആദ്യമത്സരം.