ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ടീം ബംഗ്ലാദേശിനെതിരേ സന്നാഹമത്സരത്തിന് ഇന്നിറങ്ങും. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ജൂൺ 5 ന് അയർലാൻഡുമായാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം.
വിരാട് കോഹ്ലി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിനൊപ്പം ചേന്നത്. അത് കൊണ്ടുതന്നെ ഇന്ന് നടക്കുന്ന സന്നാഹമത്സരത്തിൽ കോഹ്ലി കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അങ്ങനെയാണെങ്കിൽ മലയാളി താരം സഞ്ജു സാംസൺ വൺഡൗൺ ആയി ടീമിൽ എത്തിയേക്കും.
ഐപിഎല്ലിൽ മികച്ച ഫോമിൽ കളിച്ച സഞ്ജുവിന് ടീമിൽ ആദ്യ ഇലവനിൽ ഇടംനേടാനും മികച്ച അവസരമാണ്. കോഹ്ലി കളിച്ചില്ലെങ്കിൽ രോഹിത് ശർമയ്‌ക്കൊപ്പം യശസ്വി ജയ്സ്വാൾ ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. വൺഡൗൺ ആയി സഞ്ജു സംസണും എത്തിയേക്കും. പന്തിനെ ഉൾപ്പെടുത്തണമെങ്കിലും മധ്യനിരയിൽ കളിപ്പിച്ചേക്കും. മധ്യനിരയിൽ സൂര്യകുമാർ യാദവ്,റിങ്കു സിംഗ്, ശിവം ദുബെ എന്നിവർക്ക് സാധ്യതയുണ്ട്.
ഹാർദിക് പാണ്ട്യയോ ശിവം ദുബൈയോ എന്നതും ചോദ്യചിഹ്നമാണ്. ബൗളിങ്ങിൽ മൂന്ന് പേസർമാർക്കും രണ്ട് സ്പിന്നർമാരെയും പരീക്ഷിക്കുമോ അതോ രണ്ട് പേസർമാരുമായും മൂന്ന് സ്പിന്നർമാരുമായും കളിക്കുമോ എന്നതിലും തീരുമാനം ഉണ്ടാകും. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം യുഎസിനോട് പരമ്പര തോറ്റശേഷമാണ് ലോകകപ്പിലേക്ക് എത്തുന്നത്.
നജ്മുൾ ഹുസൈൻ ഷാന്റോ നയിക്കുന്ന ടീമിൽ ഷാകിബ് അൽ ഹസൻ, മഹമ്മദുള്ള, മുസ്താഫിസുർ റഹിം എന്നീ താരങ്ങളുണ്ട്. സൗമ്യ സർക്കാർ, മഹതി ഹസൻ, ഹൃദോയ് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിറയും ശക്തമാണ്. ഗ്രൂപ്പ് മത്സരങ്ങൾക്ക് മുൻപ് കാലാവസ്ഥയുമായി പൊരുത്തപ്പെടാനും, പിച്ച് മനസിലാക്കാനും ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഗുണം ചെയ്യും.