സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത ശതമാനം ഈടാക്കി ഇൻഷുറൻസ് വകുപ്പ് മുഖേന നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം പദ്ധതി പിൻവലിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വിരമിക്കുന്ന ജീവനക്കാർക്ക് മാസംതോറും പെൻഷൻ ലഭിക്കും എന്നിരിക്കെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ഓരോ മാസവും ഈടാക്കി ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത നിലവിലില്ല. ജീവനക്കാരുടെ സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഇത്തരമൊരു നിർദ്ദേശവുമായി മുന്നോട്ട് വന്നത് സംസ്ഥാനത്ത് പെൻഷൻ സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള പ്രാരംഭ നടപടിയാണെന്ന് ജീവനക്കാർ ആശങ്കപ്പെടുന്നുവെന്ന് കെഎൽഎസ്എ പ്രസിഡൻ്റ് ജോമി കെ ജോസ്, ജനറൽ സെക്രട്ടറി അരുൺ എസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മെഡിസെപ്പിന്റെ പേരിൽ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം പെൻഷൻ വിഹിതമായും നിലവിൽ ഈടാക്കുന്നുണ്ട്. കൂടാതെ ഡിഎ ഇനത്തിൽ ജീവനക്കാർക്ക് അർഹതപ്പെട്ട 20% ത്തിലധികം ശമ്പളത്തുക ഈ സർക്കാർ നിഷേധിച്ചിരിക്കുകയുമാ ണ്. ശമ്പള പരിഷ്കരണ കുടിശ്ശികയും ലീവ് സറണ്ടറും നിഷേധിച്ച സർക്കാർ പലതരം ചലഞ്ചുകളുടെ പേരിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്രകാരം ഈ സർക്കാരിന്റെ ഭരണകാലത്ത് ആനുകൂല്യനിഷേധങ്ങൾ തുടർക്കഥയായിരിക്കുന്ന സാഹചര്യത്തിൽ, ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് കൂടുതൽ തുക പിടിച്ചെടുക്കുന്ന യാതൊരു നിർദ്ദേശത്തോടും യോജിക്കുവാൻ സാധിക്കില്ല എന്ന കാര്യം ബഹുമാനപ്പെട്ട ധനകാര്യ മന്ത്രിയെ അറിയിക്കുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ ജീവനക്കാരന്റെ ശമ്പളം പിടിച്ചെടുക്കുന്ന നിലപാടിൽ നിന്ന് പിന്മാറണമെന്ന് കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷൻ (KLSA) അഭ്യർത്ഥിച്ചു.