സാമ്പത്തിക പ്രതിസന്ധികാലത്തെ മെഗാലോട്ടറിയെന്ന് സർക്കാർ
തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയിൽ നിന്ന് പേഴ്സണൽ സ്റ്റാഫുകളെ ഒഴിവാക്കും. ഇവരുടെ ശമ്പളം പിടിക്കില്ല.
അഞ്ച് വർഷത്തേക്കാണ് പേഴ്സണൽ സ്റ്റാഫ് നിയമനം എന്ന കാരണം ആണ് പേഴ്സണൽ സ്റ്റാഫുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിന് ന്യായികരണമായി ധനവകുപ്പ് പറയുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും പേഴ്സണൽ സ്റ്റാഫുകളെ ഒഴിവാക്കിയിട്ടുണ്ട്.
2013 ഏപ്രിൽ 1 മുതൽ സർവീസിൽ കയറുന്ന ജീവിക്കാർക്ക് പകാളിത്ത പെൻഷനാണ് ലഭിക്കുന്നത്. എന്നാൽ പേഴ്സണൽ സ്റ്റാഫുകൾക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനാണ് ലഭിക്കുന്നത്. ഇത് കൂടാതെ ഗ്രാറ്റുവിറ്റി , ടെർമിനൽ സറണ്ടർ, കമ്യൂട്ടേഷൻ തുടങ്ങിയ എല്ലാ വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. ലീവ് സറണ്ടർ പണമായി ലഭിക്കുന്ന ഭാഗ്യവാൻമാർ കൂടിയാണ് ഇവർ.
700 പേഴ്സണൽ സ്റ്റാഫുകളാണ് നിലവിൽ സർവീസിൽ ഉള്ളത്. അതിൽ 500 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരും. 30,000 രൂപ മുതൽ 1.75 ലക്ഷം രൂപ വരെയാണ് പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം. മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവർമ്മയും പ്രൈവറ്റ് സെക്രട്ടറി രാഗേഷും ആണ് ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന പേഴ്സണൽ സ്റ്റാഫുകാർ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശന് ആറര വർഷം പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തപ്പോൾ പെൻഷൻ ആനുകൂല്യങ്ങളായി ലഭിച്ചത് 16 ലക്ഷം രൂപയായിരുന്നു. പങ്കാളിത്ത പെൻഷന് പിന്നാലെ ജീവാനന്ദം പദ്ധതിയിൽ നിന്നും പേഴ്സണൽസ്റ്റാഫുകളെ ഒഴിവാക്കാനുള്ള നീക്കം ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിനാണ് വഴി വയ്ക്കുന്നത്.
പഠിച്ച് പരീക്ഷയെഴുതി ജോലിക്ക് കയറുന്നവർക്ക് കുറഞ്ഞ ശമ്പളവും ഒരു പരീക്ഷയും എഴുതാതെ പേഴ്സണൽ സ്റ്റാഫിൽ കയറുന്നവർക്ക് ഉയർന്ന ശമ്പളവും നൽകുന്നു എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ജീവാനന്ദം പദ്ധതി നടപ്പിലാക്കുമ്പോൾ നിലവിലുള്ള കുറവുകൾ ഉൾപ്പെടെ ശമ്പളത്തിൽ 35 ശതമാനം ജീവനക്കാർക്ക് നഷ്ടപ്പെടും. 100 ശതമാനം ശമ്പളം പേഴ്സണൽ സ്റ്റാഫിന് കിട്ടും.
സർക്കാർ ജോലിയേക്കാൾ നല്ലത് പേഴ്സണൽ സ്റ്റാഫ് നിയമനം ആണ് എന്ന് ജീവനക്കാർ ആരോപിക്കുന്നത് ഈ പശ്ചാത്തലത്തിൽ ആണ്. ശക്തമായ പ്രതിക്ഷേധം ഉയർന്നാലും ജീവാനന്ദം പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
500 കോടി രൂപ ഈ പദ്ധതി വഴി ഓരോ മാസവും സർക്കാരിന് കിട്ടും. വർഷം 6000 കോടിയും. സാമ്പത്തിക പ്രതിസന്ധികാലത്തെ മെഗാലോട്ടറി ആയിട്ടാണ് സർക്കാർ ജീവാനന്ദം പദ്ധതിയെ കാണുന്നത്.