തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയില്‍ യു ടേണ്‍ അടിച്ച് സര്‍ക്കാര്‍. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിതമാക്കുന്ന നിലയിലല്ല നടപ്പാകുകയെന്ന് വിശദീകരിച്ച് ധനമന്ത്രിയുടെ ഓഫീസ്. പൂര്‍ണ്ണമായും ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണെന്നും വാര്‍ത്താ കുറിപ്പിലൂടെ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ആക്ച്വറിയെ ചുമതലപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. പദ്ധതി രൂപരേഖ തയ്യാറായ ശേഷമേ അത് നടപ്പിലാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിശദീകരണത്തിന്റെ പൂര്‍ണ്ണരൂപം:
ജീവാനന്ദം പദ്ധതി വസ്തുതകള്‍
2024-25 ബജറ്റ് പ്രസംഗത്തിന്റെ 536 ഖണ്ഡികയായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റേതായി ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഖണ്ഡിക 536: ‘സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ നല്‍കി വരുന്ന കേരള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള കാലയളവില്‍ വളെര അഭിമാനര്‍ഹമായ പ്രവര്‍ത്തന പുരോഗതിയാണ് കൈവരിച്ചത്. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ജീവന്‍ രക്ഷാ പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികച്ച പരിരക്ഷയാണ് ഉറപ്പാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ചതിനുശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന തരത്തില്‍ ഒരു പുതിയ പദ്ധയി അന്വിറ്റി എന്ന പേരില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ പദ്ധതി പ്രായോഗികമായി നടപ്പാക്കുന്നത് സംബന്ധിച്ച പഠനം സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടത്തുന്നതാണ്.’
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, അവര്‍ വിരമിച്ചതിനുശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന ഒരു പദ്ധതി ‘ആന്വിറ്റി’ എന്ന പേരില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് പ്രഖ്യാപിച്ചത്. ബജറ്റില്‍ സൂചിപ്പിച്ചതുപോലെ തന്നെ, ആ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തിയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതിക്ക് ജീവാനന്ദം എന്ന പേരും നിശ്ചയിച്ചു. ഈ പദ്ധതി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിതമാക്കുന്ന നിലയിലല്ല നടപ്പാകുക. ജീവനക്കാര്‍ക്ക് ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കുന്നതിനും, അതിലൂടെ വിരമിച്ചശേഷം ഒരു സ്ഥിര വരുമാനം ലഭ്യമാകുന്നതിനുള്ള സൗകര്യം ഒരുക്കുന്നത് ആകണമെന്നാണ് ഉദ്ദ്യേശിക്കുന്നത്.
ഈ പദ്ധതി പൂര്‍ണ്ണമായും ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഇതിന് പങ്കാളിത്ത പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ പദ്ധതികളുമായി ഒരു ബന്ധവുമില്ല. മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ആന്വിറ്റി പോളിസികളില്‍നിന്ന് വ്യത്യസ്തമായി ജീവാനന്ദം പദ്ധതി നിലവിലുള്ള വിപണി മൂല്യത്തിനെക്കാള്‍ ഉയര്‍ന്നതും സ്ഥിരമായതുമായ പലിശ ഉറപ്പു വരുത്തും, ഒപ്പം തവണ വ്യവസ്ഥയില്‍ പണം ഒടുക്കുവാനുള്ള സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ആക്ച്വറിയെ ചുമതലപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. പദ്ധതി രൂപരേഖ തയ്യാറായ ശേഷമേ അത് നടപ്പിലാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുവാന്‍ സാധിക്കുകയുള്ളൂ.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതി (എസ്എല്‍ഐ), ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജിഐഎസ്), ജീവന്‍രക്ഷാ പദ്ധതി (ജിപിഎഐഎസ്) എന്നിവയാണ് സംസ്ഥാന ഇന്‍ഷറ്വന്‍സ് വകുപ്പ് വഴി നല്‍കിവരുന്ന സേവനങ്ങള്‍. ഇവയെല്ലാം ജീവനക്കാരന്‍ വിരമിക്കുന്ന മുറയ്ക്ക് ആനകൂല്യങ്ങള്‍ ലഭ്യമാക്കി അവസാനിപ്പിക്കും. എന്നാല്‍ വിരമിച്ച ജീവനക്കാര്‍ക്ക് ഒരുവിധ ആനുകൂല്യവും സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പില്‍നിന്ന് ലഭ്യമല്ല. ഈ സാഹചര്യത്തില്‍, വിരമിച്ചശേഷവും നിശ്ചിത പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന നിലയിലുള്ള ഒരു ഇന്‍ഷ്വറന്‍സ് പദ്ധതി നിര്‍ദേശം വകുപ്പ് മുന്നോട്ടുവച്ചത്.