പ്രജ്വല്‍ രേവണ്ണയെ റിമാന്റ് ചെയ്തു; ഏഴു ദിവസം SIT കസ്റ്റഡിയിൽ, നടപടികളെടുത്തത് വനിത ഉദ്യോഗസ്ഥര്‍

ലൈംഗികാതിക്ര കേസില്‍ അറസ്റ്റിലായ ഹാസന്‍ എംപിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജൂണ്‍ 6 വരെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയിലാണ് രേവണ്ണയെ ഹാജരാക്കിയത്. 15 ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഏഴു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഒറ്റദിവസത്തെ കസ്റ്റഡി നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രജ്വലിന്റെ അഭിഭാഷകന്റെ വാദം. പ്രജ്വലിനെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യംവിട്ട പ്രജ്വല്‍ ജര്‍മനിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തിയതോടെയായിരുന്നു അറസ്റ്റിലായത്. തുടര്‍ന്ന് ഉച്ചയോടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി മുറിയില്‍ പ്രതിക്കൂട്ടില്‍ നിന്ന പ്രജ്വല്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് അസൗകര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. വീട്ടിലെ ഭക്ഷണം വേണമെന്നും ശുചിമുറി വൃത്തിയില്ലെന്നുമുള്ള കാര്യമാണ് ജഡ്ജി മുന്‍പാകെ പ്രജ്വല്‍ പറഞ്ഞത്. താങ്കള്‍ പ്രതിയാണെന്നും ഒരു പ്രതിക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും കോടതി മറുപടി നല്‍കി.

അതേസമയം, കൂടുതല്‍ ഇരകള്‍ പരാതി നല്‍കാന്‍ മുന്നോട്ടുവരാനായി പ്രജ്വലിന്റെ അറസ്റ്റിനും ചോദ്യംചെയ്യലിനുമെല്ലാം നേതൃത്വം നല്‍കുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. ലുഫ്താന്‍സ വിമാനം മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 12.48ന് ബെംഗളൂരു വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്തതപ്പോള്‍ കസ്റ്റഡിയിലെടുത്തതും വൈദ്യപരിശോധനയ്ക്ക് എത്തിച്ചതും വനിതാ ഉദ്യോഗസ്ഥരാണ്. ഐപിഎസുകാരായ സുമന്‍ ഡി പെന്നെകറും സീമ ലട്കറും ഇതിനു നേതൃത്വം നല്‍കി.

എച്ച് ഡി രേവണ്ണയുടെ ജാമ്യ ഉത്തരവില്‍ തെറ്റുകള്‍

എച്ച് ഡി രേവണ്ണയുടെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി തെറ്റുകള്‍ കണ്ടെത്തി. രേവണ്ണക്കു ജാമ്യം നല്‍കിയ ഉത്തരവില്‍ അപാകതയുണ്ടെന്നു കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു.

വിചാരണ കോടതിയായ ബംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ റ്റി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു

ഹൈക്കോടതി എച്ച് ഡി രേവണ്ണക്കു നോട്ടീസ് അയച്ചു. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന എസ് ഐ റ്റി യുടെ ഹര്‍ജിയില്‍ ജൂണ്‍ 3ന് കോടതി വിധി പറയും. അതിജീവിതയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ രേവണ്ണക്ക് മെയ് 14ന് ആയിരുന്നു ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഇതിനിടയില്‍ ഇതേകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണക്ക് എസ് ഐ റ്റി നോട്ടീസ് അയച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments