തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർത്തും. പകരം ജീവാനന്ദം പദ്ധതി നടപ്പിലാക്കാനാണ് നീക്കം. വളരെ ആസൂത്രിതമായ നീക്കങ്ങളാണ് പെൻഷൻ നിർത്തലാക്കാൻ അണിയറയിൽ ഒരുങ്ങുന്നത്.
2024- 25 ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇതിൻ്റെ വ്യക്തമായ സൂചനകൾ തന്നിരുന്നു. ബജറ്റ് പ്രസംഗം ഖണ്ഡിക 560 ൽ ജീവനക്കാര്യം എന്ന തലക്കെട്ടിലാണ് ബാലഗോപാൽ ഇതിനെ കുറിച്ച് സൂചന നൽകിയത്. പങ്കാളിത്ത പെൻഷൻ പദ്ധതിയെ കുറിച്ച് പറഞ്ഞ് തുടങ്ങുന്ന ഖണ്ഡികയുടെ അവസാന ഭാഗത്ത് ബോൾഡ് അക്ഷരത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:
ഒരു Assured പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനു വേണ്ടി പുതിയ സ്കീം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും”.
ജീവാനന്ദം പദ്ധതിയെ കുറിച്ച് രൂപരേഖ പഠിക്കാൻ ഇറക്കിയ ഉത്തരവിലും ബജറ്റ് പ്രസംഗത്തിൻ്റെ കാര്യം വ്യക്തമായി പറയുന്നുണ്ട്. പങ്കാളിത്തപെൻഷൻകാർക്ക് പകരം മുഴുവൻ സർക്കാർ ജീവനക്കാർക്കും വേണ്ടിയാണ് ജീവാനന്ദം പദ്ധതിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
നിലവിൽ വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ മാസം തോറും കിട്ടുന്നുണ്ട് എന്നിരിക്കെ വിരമിച്ച ജീവനക്കാർക്ക് മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന ‘ജീവാനന്ദം’ പദ്ധതി എന്തിന് നടപ്പാക്കണം എന്ന ചോദ്യമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ ആണ് നിലവിലെ പെൻഷൻ സമ്പ്രദായം നിർത്തലാക്കാനുള്ള സർക്കാർ നീക്കമാണ് ഇതെന്ന സംശയം ഉയരുന്നത്. 2300 കോടിയാണ് ഒരു മാസം പെൻഷന് വേണ്ടി ചെലവാകുന്നത്.