ടി20 ലോകകപ്പിന് ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. പല സൂപ്പര്‍ താരങ്ങളും ഈ ലോകകപ്പോടെ പാഡഴിക്കുമെന്ന ചർച്ചകളും സജീവമാണ്. ആരൊക്കെയാണ് ഈ സൂപ്പർ താരങ്ങൾ എന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ

രോഹിത് ശർമ

ഇന്ത്യൻ നായകന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് ഏറെക്കുറെ തീർച്ചയാണ്. നിലവിൽ 38 കാരനായ രോഹിത് യുഗം ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തു നിന്നും മാറ്റുകയും, ഹാർദിക് പാണ്ട്യയെ നായകനാക്കിയപ്പോൾ തന്നെ രോഹിത് യുഗം അവസാനിച്ചോ എന്ന ചർച്ചകൾ ഉയർന്നിരുന്നു. മാത്രവുമല്ല രോഹിത് ടി20യില്‍ സ്ഥിരതയോടെയല്ല കളിക്കുന്നത്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് തന്നെ പറയാം. ഈ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് പടിയിറങ്ങാന്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.

വിരാട് കോഹ്ലി

വിരാട് കോഹ്ലി

    ഇപ്പോഴത്തെ ഫോം വെച്ച് നോക്കിയാൽ കോഹ്ലി കരിയർ അവസാനിപ്പിക്കുമെന്ന് പറയാൻ ഒരു സാധ്യതയുമില്ല. എന്നിരുന്നാലും ഇത് കോഹ്ലിയുടെയും അവസാന ടി20 ലോകകപ്പ് ആകാനാണ് സാധ്യത. കോലിയെ ടി20 ഫോര്‍മാറ്റില്‍ നിന്ന് ഒഴിവാക്കിയതാണ്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രോഹിത്തിനേയും കോലിയേയും ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് തിരികെ വിളിച്ചത്. ടെസ്റ്റും ഏകദിനവും കൂടുതല്‍ ശ്രദ്ധിക്കാന്‍ കോലി ടി20യില്‍ നിന്ന് വഴി മാറിക്കൊടുത്തേക്കുമെന്നാണ് വിലയിരുത്തലുകൾ.

    കെയ്ൻ വില്യംസൺ

    കെയ്ൻ വില്യംസൺ

      ബ്രെണ്ടൻ മക്കല്ലം ന്യൂസിലാൻഡ് ടീം നായക സ്ഥാനമൊഴിഞ്ഞ ശേഷം വളരെ മികച്ച രീതിയിലാണ് വില്യംസൺ ടീമിനെ മുന്നോട്ട് നയിച്ചത്. ഇത്തവണയും കിവീസിനെ നയിക്കുന്നത് വില്യംസനാണ്. താരം മികച്ച ഫോമിൽ ആണെങ്കിലും ടി20 യിൽ അത്രകണ്ടു ശോഭിക്കാൻ ആകുന്നില്ല എന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വില്യംസണിന്റെ സ്‌ട്രൈക്ക് റേറ്റ് സംബന്ധിച്ച ചർച്ചകളും ചൂടുപിടിച്ചു. ടീമിലെ യുവതാരങ്ങള്‍ക്കായി വില്യംസണ്‍ വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും തുടരാനാവും വില്യംസണ്‍ ശ്രമിക്കുക.

      ഡേവിഡ് വർണർ

      ഡേവിഡ് വർണർ

        ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റർ. ഇത്തവണത്തെ ടി20 ലോകകപ്പോടെ കളി നിര്‍ത്തുമെന്ന് വാർണർ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റ് തുടരാനാണ് വാര്‍ണര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ടീമിനെ കിരീടംനേട്ടത്തിൽ എത്തിച്ചശേഷം വിരമിക്കാനാണ് വാർണർ തയ്യാറെടുക്കുന്നത്.

        ഷക്കീബ് അൽ ഹസൻ

        ഷക്കീബ് അൽ ഹസൻ

          ബംഗ്ലാദേശ് ഇതിഹാസ താരവും ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസന്റെയും അവസാന ലോകകപ്പായിരിക്കും ഇത്തവണത്തെത്. മൂന്ന് ഫോർമാറ്റിലും മികച്ച റെക്കോർഡ് ആണ് താരത്തിന്റെ പേരിലുള്ളത്. എന്നിരുന്നാലും ഈ ലോകകപ്പോടെ അന്താരാഷ്ട്ര കരിയറിന് പൂര്‍ണ്ണമായും വിരാമമിടാന്‍ ഷക്കീബ് ഒരുങ്ങുകയാണെന്നാണ് വിവരം. ദേശീയ ടീമില്‍ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നേക്കും.