KeralaNews

തോട്ടപ്പള്ളിയിലെ മണൽ വാരൽ: പിണറായിക്കെതിരെ വിജിലൻസ് അന്വേഷണമില്ല

പരാതി എന്ത് ചെയ്യണമെന്ന് സർക്കാർ പറയട്ടെ എന്ന വിചിത്ര നിർദ്ദേശവുമായി വിജിലൻസ് ഡയറക്ടറുടെ കത്ത്

മണൽ വാരലിൽ അന്വേഷണമില്ല. തോട്ടപ്പള്ളി മണൽ വാരലിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന പരാതി വിജിലൻസ് തള്ളി.

കരിമണൽ വിരുദ്ധ ഏകോപന സമിതിക്ക് വേണ്ടി സുരേഷ് കുമാർ നൽകിയ പരാതിയാണ് വിജിലൻസ് തള്ളിയത്. പരാതിയിൻ മേൽ എന്ത് നടപടി എടുക്കണമെന്ന് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് വിജിലൻസ്. വിജിലൻസിൻ്റെ വിചിത്ര നിർദ്ദേശം സെക്രട്ടേറിയേറ്റിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്റ്റ് ചൂണ്ടികാട്ടി ആലപ്പുഴ പുതുക്കാട് വില്ലേജിലെ മണൽ വാരൽ സംബന്ധിച്ച് സുരേഷ്കുമാറും സംഘവും നൽകിയ പരാതി ഹൈക്കോടതി തള്ളിയിരുന്നു.

ഇത് ചൂണ്ടികാട്ടിയാണ് തോട്ടപ്പള്ളിയിലെ മണൽ വാരൽ പരാതി അന്വേഷിക്കണ്ട എന്ന വിചിത്ര നിലപാട് വിജിലൻസ് എടുത്തത്. അഴിമതി പരാതി കിട്ടിയാൽ അന്വേഷിക്കേണ്ട പ്രാഥമിക ചുമതല ചെയ്യേണ്ട വിജിലൻസ് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയത് പരാതി മുഖ്യമന്ത്രിക്ക് എതിരായത് കൊണ്ട് മാത്രമെന്ന് വ്യക്തം.

വിജിലൻസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കേസെടുത്താൽ പിണറായിക്ക് വിജിലൻസ് വകുപ്പ് ഒഴിയേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ഈ കേസിൽ എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കാൻ സർക്കാരിനെ വിജിലൻസ് സമീപിച്ചത്.

വിജിലൻസിൻ്റെ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. മണൽ വാരലിൽ അന്വേഷണമില്ല എന്ന വിജിലൻസിൻ്റെ വിചിത്ര നടപടി ടൈംസ് ഓഫ് ഇന്ത്യ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി സായ് കിരൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *