Politics

രാജ്യസഭ കലഹം: ജോസ് കെ. മാണിക്ക് ഇടത് പ്രേമം തീർന്നു; മുതലെടുക്കാൻ റോഷി അഗസ്റ്റിൻ

മാണി കോൺഗ്രസിൽ പുത്തൻ ചേരികൾ: ചെയർമാനെക്കാൾ വളർന്ന മന്ത്രിക്ക് പിന്തുന്ന കൂടുന്നു

രാജ്യസഭയിലേക്ക് പരിഗണിച്ചില്ലെങ്കിൽ ജോസ് കെ. മാണി ഇടതുമുന്നണി വിടും. ജോസ് കെ മാണി ഇടതു മുന്നണി വിട്ടാലും മന്ത്രി റോഷി അഗസ്റ്റിനെ അനുകൂലിക്കുന്ന വിഭാഗം ഇടതുമുന്നണിയിൽ തുടരും. റോഷി പക്ഷത്താണ് ചീഫ് വിപ്പ് ഡോ എൻ. ജയരാജും റാന്നി എം എൽ എ പ്രമോദ് നാരായണനും. ചങ്ങനാശേരി എം.എൽ എ ജോബ് മൈക്കിളും പൂഞ്ഞാർ എംഎൽ എ സെബാസ്റ്റ്യൻ കുളത്തുംഗലും ജോസ് കെ മാണി പക്ഷത്താണ്.

കടുത്ത തീരുമാനം എടുക്കരുതെന്ന് ജോസ് കെ മാണിയോട് റോഷിയും സംഘവും അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യസഭ ടേൺ അനുസരിച്ച് പങ്ക് വെയ്ക്കാനും റോഷിയും കൂട്ടരും ശ്രമിക്കുന്നുണ്ട്. ആദ്യം ടേം തനിക്ക് വേണമെന്ന ശാഠ്യം ആണ് ജോസ് കെ മാണി പുലർത്തുന്നത്. ഇത് സിപിഐ അംഗികരിക്കുന്നില്ല. ജൂലൈ 1 ന് 3 രാജ്യ സഭ സീറ്റുകളാണ് ഒഴിവ് വരുന്നത്. എളമരം കരീം, ജോസ് കെ മാണി , ബിനോയ് വിശ്വം എന്നിവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിൽ 2 സീറ്റുകളിൽ എൽ.ഡി.എഫ് ജയിക്കും. ഒരു സീറ്റ് യു.ഡി.എഫും.

എൽ.ഡി.എഫിന് ജയിക്കാനാവുന്ന രണ്ട് സീറ്റുകളികളിൽ ഒന്ന് സിപിഎം ഏറ്റെടുക്കും. രണ്ടാമത്തെ സീറ്റിന് സിപിഐയും കേരള കോൺഗ്രസും തമ്മിലാണ് അടി. ജോസ് കെ മാണി എൽ.ഡി എഫ് വിട്ടാലും റോഷിയും സംഘവും എൽ.ഡി. എഫിൽ തുടരുമെന്ന് ശഠിക്കുന്നതിലൂടെ കേരള കോൺഗ്രസിൽ വീണ്ടും പിളർപ്പുണ്ടാകും എന്ന് വ്യക്തം.

ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ കസേര ജോസ് ഏറ്റെടുത്ത് പ്രശ്നം തീർക്കാനും റോഷി ശ്രമിക്കുന്നുണ്ട്.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്നാണ് മാണി സിദ്ധാന്തം.

കേരള കോൺഗ്രസിൻ്റെ ചരിത്രം ഇങ്ങനെ:

1964 ഒക്ടോബർ 9, അന്നൊരു വെള്ളിയാഴ്ച യായിരുന്നു.വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് തിങ്ങി നിറഞ്ഞ ആൾക്കൂട്ടം. വിറയാർന്ന ശബ്ദത്തിൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംസ്ഥാന പാർട്ടിയുടെ പ്രഖ്യാപനം നടത്തി –
” ആർ ശങ്കർ മന്ത്രിസഭ യുടെ അഴിമതി നിറഞ്ഞ ദുർഭരണത്തിന് അറുതി വരുത്തിയ 15 യുവ എംഎൽഎ മാരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എന്ന പേരിൽ ഒരു പുതിയ രാഷ്ടീയ പാർട്ടി രൂപമെടുത്തിരിക്കുന്ന വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നു” –
മന്നത്ത് പത്മനാഭൻ്റെ അനുഗ്രഹത്തോടെ ആരംഭിച്ച പ്രസ്ഥാനത്തിന് ഈ വർഷം ഒക്ടോബർ 9 ബുധനാഴ്ച 60 വയസ് പൂർത്തിയാവും. ഒരു പാട് ഉയർച്ച താഴ്‌ചകൾക്ക് സാക്ഷ്യം വഹിച്ച കേരള കോൺഗ്രസ് ശോഷിച്ച് ശോഷിച്ച് ഒരു പരുവമായി നില്ക്കയാണ്. കോൺഗ്രസിനെതിരെ രൂപം കൊണ്ട കേരള കോൺഗ്രസ് രൂപീകരിച്ചതിൻ്റെ പത്താം വർഷത്തി ൽ കോൺഗ്രസിനൊപ്പം ഭരണത്തിൽ പങ്കാളിക ളുമായി. അധികാരത്തിനു വേണ്ടി മുന്നണി മാറുന്നത് ഒരു പാപമായി കേരള കോൺഗ്രസുകാർ കരുതുന്നില്ല.

ഇക്കഴിഞ്ഞ ദിവസം കോൺഗ്രസ് മുഖ പത്രമായ വീക്ഷണം കേരള കോൺഗ്രസി(എം) നെ പരിഹസിച്ച് എഡിറ്റോറിയൽ എഴുതിയിരുന്നു. സിപിഎമ്മിൻ്റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ യു ഡി എഫിലേക്ക് തിരിച്ചു വരുന്നതാണ് നല്ലതെന്ന ഉപദേശം കൊടുത്ത തോടെയാണ് കേരള കോൺഗ്രസിൻ്റെ മുന്നണി മാറ്റ ചർച്ചകൾ വീണ്ടും ചർച്ചയായത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കടക്കടലിലാണ് ഇപ്പോൾ മാണി ഗ്രൂപ്പ് എന്നൊക്കെയുള്ള കടുത്ത പരിഹാസമാണ് വീക്ഷണം ചൊരിഞ്ഞത്.

1972 നവംബർ 10 മുതൽ പ്രാബല്യത്തിലുള്ള പാർട്ടി ഭരണഘടനയുടെ ആമുഖത്തിൽ കേരള കോൺഗ്രസിൻ്റെ ഉദ്ദേശത്തെക്കുറിച്ച് പ്രഖ്യാപനമിങ്ങനെയാണ് – ഇന്ത്യയിലെ സംസ്ഥാന ങ്ങൾക്ക് കൂടുതൽ അധികാരങ്ങളും വരുമാന മാർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് അധികാര വികേന്ദ്രീകരണവും ജനാധിപത്യവൽക്കരണവും യാഥാർത്ഥ്യമാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും സുശക്തമായ കേന്ദ്രത്തോ ടൊപ്പം സംതൃപ്തമായ സംസ്ഥാനങ്ങൾ കെട്ടിപ്പെടുന്നതിനും ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പാക്കുന്നതിനും വേണ്ടി നിലകൊള്ളുന്നു.” മഹത്തായ ഉദ്ദേശലക്ഷ്യ ത്തോടെ ആരംഭിച്ച പാർട്ടി 60 വർഷത്തിനിടയിൽ വളർന്നും പിളർന്നും വ്യക്തി കേന്ദ്രീകൃത പാർട്ടികളായി ഇന്ന് കേരളത്തിലെ മൂന്ന് മുന്നണികളിലായി ഏഴു ചെറു (ഗ്രൂപ്പുകളായി) പാർട്ടികളായി നിലകൊള്ളുന്നു. കൃത്യമായ ആശയ അടിത്തറയോ, ആദർശ ഭാരമോ ഒന്നും ഇവരെ അലട്ടാറില്ല. അധികാരത്തിൽ പങ്കു പറ്റി നിൽക്കുക എന്ന പരമമായ ലക്ഷ്യത്തിലാണ് എല്ലാ ഗ്രൂപ്പുകാരും നിന്നുപോകുന്നത് .കോൺഗ്രസിലെ 15 യുവ എം എൽ എ മാരുമായി രൂപീകരിച്ച കേരള കോൺഗ്രസിന് ഇന്ന് ഭരണകക്ഷിയിലും പ്രതിപക്ഷത്തുമായുള്ള ആറ് കേരള കോൺഗ്രസ് ഗ്രൂപ്പുകളിലായി എട്ട് എം എൽഎമാ രുണ്ട്. ഈ എട്ട് പാർട്ടികളി ൽ ഏറ്റവും കൂടുതൽ ജനപിന്തുണ യുള്ളതും പ്രബലവുമായ പാർട്ടി കേരള കോൺഗ്രസ് മാണിയാണ്. അഞ്ച് നിയമസഭാ സാമാജികരും പാർലമെൻ്റിൻ്റെ ഇരു സഭകളിലുമായി ഓരോ എം പിമാരും മാണി ഗ്രൂപ്പിനുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാണി കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണിയും കൂട്ടരും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി യുഡിഎഫ് മുന്നണി വിട്ടു പോയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കൊപ്പം മാണി ഗ്രൂപ്പ് കൂടി വന്നതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വൻ നേട്ടം കൊയ്യാൻ കഴിഞ്ഞു. പക്ഷേ, പാർട്ടി ചെയർമാൻ ജോസ് കെ മാണി കേരള കോൺഗ്രസിൻ്റെ വത്തിക്കാൻ എന്നറിയപ്പെട്ടിരുന്ന പാലായിൽ 15738 വോട്ടിന് മാണി സി കാപ്പനോട് പരാജയപ്പെട്ടു. 54 വർഷം പാലായിലെ എംഎൽഎ ആയിരുന്ന കെ.എം മാണിയുടെ മകന് ആ സീറ്റ് നിലനിർത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി മാറി. കെ.എം മാണിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെ ടുപ്പിലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി യായ ജോസ് ടോമിന് കനത്ത പരാജയം നേരിടേണ്ടിവന്നു. തുടരെത്തുടരെ വന്ന രണ്ട് പരാജയങ്ങൾ ജോസിനെ വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

പാലായിൽ കാലുറപ്പിക്കാ നാവാത്ത ജോസിന് എങ്ങനെ മുന്നണി സംവിധാനങ്ങളിൽ നിർണായക ശക്തിയായി മാറാനാവും എന്നതിൽ ഒരു പാട് സന്ദേഹങ്ങളുണ്ട് – കേരള കോൺഗ്രസിൻ്റെ പാരമ്പര്യമനുസരിച്ച് മന്ത്രി സ്ഥാനവും അധികാരവുമുള്ള വ്യക്തിയും പാർട്ടിയിലെ രണ്ടാമനുമായി നിരന്തരം ഏറ്റുമുട്ടിയ ചരിത്രം കേരള കോൺഗ്രസിനുണ്ട്- പ്രത്യേകിച്ച് കെ.എം മാണിക്ക്. പാർട്ടിയുടെ ആദ്യ ചെയർമാൻ കെ.എം ജോർജുമായി തുടങ്ങിയ ഏറ്റുമുട്ടൽ ഏറ്റവുമൊടുവിൽ പി.സി. ജോർജ്, പി ജെ ജോസഫുമായി വരെ തുടർന്ന ചരിത്രമുണ്ട്. അതേ സ്ഥിതി ഇപ്പോഴത്തെ മന്ത്രി റോഷി അഗസ്റ്റിനും ജോസ് കെ മാണിയും തമ്മിൽ ഉടലെടുക്കുകയാണ്. കേരള കോൺഗ്രസുകളുടെ ഡിഎൻഎയിൽ അലിഞ്ഞു ചേർന്ന സ്വഭാവമാണ് വ്യക്തികൾ തമ്മിലെ സ്വരചേർച്ചയി ല്ലായ്മ. രാജ്യസഭ സീറ്റ് തർക്കത്തിൽ ജോസ് ഇടതു മുന്നണി വിട്ടാൽ കൂടെ വരാൻ താനുണ്ടാകില്ല എന്ന റോഷിയുടെ നിലപാട് മറ്റൊരു കേരള കോൺഗ്രസ് കൂടി കേരള രാഷ്ട്രീയത്തിൽ ഉടൻ പിറക്കും എന്ന സൂചനകളാണ് തരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x