കോഴിക്കോട്: യുഡിഎഫിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ കുഞ്ഞാലികുട്ടിയെ മത്സരിപ്പിക്കാൻ ആലോചിച്ച് മുസ്ലിം ലീഗ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയ്ക്ക് അനുകൂലമായ ജനവിധി ഉണ്ടായാൽ മുസ്ലിംലീഗിനും മന്ത്രിസഭ അംഗത്വം ലഭിക്കും. ഈ സ്ഥാനത്തേക്ക് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലി കുട്ടിയെ പ്രതിഷ്ഠിക്കാൻ ആണ് ആലോചന. ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് മൂന്ന് മണ്ഡലങ്ങളിൽ ആണ് മത്സരിക്കുന്നത് മൂന്നിടത്തും വിജയപ്രതീക്ഷയും പാർട്ടിക്കുണ്ട്.
കേരളത്തിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഇ.ടി. മുഹമ്മദ് ബഷീറും എം.പി. അബ്ദു സമദ് സമദാനിയുമാണ് ലീഗിൻ്റെ സ്ഥാനാർത്ഥികൾ. തമിഴ്നാട്ടിൽ രാമനാഥ പുരത്ത് നവാസ് കനിയാണ് സ്ഥാനാർത്ഥി.
കേരളത്തിൽ മൂന്ന് ലോക്സഭ സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗിന് യു.ഡി.എഫ് നൽകിയ ഒത്തുതീർപ്പ് ഫോർമുലയായിരുന്നു രാജ്യസഭ സീറ്റ്. ഇതിലേക്കാണ് കുഞ്ഞാലികുട്ടിയെ പരിഗണിക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് രാജ്യ സഭ സീറ്റിൽ അവകാശം ഉന്നയിക്കും എങ്കിലും, കുഞ്ഞാലി കുട്ടി ഒഴിയുന്ന വേങ്ങര നിയമസഭ മണ്ഡലത്തിൽ യൂത്ത് ലീഗ് പ്രതിനിധി മത്സരിക്കും.
സീനിയർ പദവിയിലുള്ള നേതാവ് തന്നെ കേന്ദ്രമന്ത്രിസഭയിൽ ഇടം പിടിക്കുന്നത് ദേശീയ തലത്തിൽ ലീഗിന് ഗുണം ചെയ്യും എന്നാണ് കുഞ്ഞാലി കുട്ടി അനുകൂലികൾ പ്രതീക്ഷിക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി അല്ലെങ്കിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ പരിഗണിക്കാനും സാധ്യതയുണ്ട്.