റിയാസണ്ണൻ്റെ വിനീതൻ രാജേഷമ്പാൻ: സ്വന്തം വകുപ്പിനെ ഹൈജാക്ക് ചെയ്തിട്ടും മിണ്ടാതെ എക്സൈസ് മന്ത്രി

മദ്യനയത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മുന്നിൽ വിനീത വിധേയനായി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. അടുത്ത കാലത്ത് സൂപ്പർ ഹിറ്റായ ആവേശം സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ആയ രംഗണ്ണനെയും അയാളുടെ ശിങ്കിടി അമ്പാനെയും ഓർമ്മിപ്പിക്കുന്ന കാര്യങ്ങൾ ആണ് സർക്കാരിൽ നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

സർക്കാരിൻ്റെ പുതിയ മദ്യനയം എടുക്കുന്നതിൽ എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചത് ടൂറിസം വകുപ്പായിരുന്നു. ഇതിൻ്റെ തെളിവുകൾ പുറത്ത് വന്നതോടെയാണ് ആവേശം കമൻ്റുകൾ സെക്രട്ടറിയേറ്റിൽ പ്രചരിക്കുന്നത്. എം.ബി രാജേഷിനെ അമ്പനായും റിയാസിനെ രംഗണ്ണനായും ചിത്രീകരിച്ചാണ് കമൻ്റുകൾ പ്രചരിക്കുന്നത്. മദ്യനയത്തിൽ ടൂറിസം വകുപ്പിൻ്റെ ഇടപെടൽ സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.

ഇന്നലെ ചീഫ് സെക്രട്ടറി ഇറക്കിയ കുറിപ്പിലും ടൂറിസം, വ്യവസായ മേഖലകൾ ഡ്രൈ ഡേ പിൻവലിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. അബ്കാരി പോളിസി മാറ്റം തീരുമാനിക്കാന്‍ ടൂറിസം വകുപ്പിന് എന്ത് അവകാശമെന്ന് പ്രതിപക്ഷനേതാവിൻ്റെ ചോദ്യത്തിന് സർക്കാരിന് മറുപടിയില്ല. എന്തിനായിരുന്നു അനാവശ്യ ധൃതിയെന്നും ടൂറിസം മന്ത്രിയുടെ ഓഫീസില്‍ അധികാര കേന്ദ്രീകരണം നടക്കുന്നുവെന്നും സതീശൻ പറഞ്ഞു. സ്വന്തം വകുപ്പ് കയ്യിലുണ്ടോ അതോ മറ്റാരുടെയെങ്കിലും കയ്യിലാണോയെന്ന് എം.ബി രാജേഷ് വ്യക്തമാക്കട്ടെ എന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത് :”ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ’ എന്നിട്ടും മന്ത്രിക്ക് ഒരു മറുപടിയും പറയാനില്ല. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് ടൂറിസം മന്ത്രി പറഞ്ഞത്. അബ്കാരി നയ മാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വകുപ്പ് നടത്തിയ യോഗത്തിന്റെ വിവരങ്ങളും രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടും മന്ത്രിക്ക് മറുപടി പറായനാനില്ല. സ്വന്തം വകുപ്പില്‍ നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെന്നു പറയുന്നത് അതിനേക്കാള്‍ വലിയ നാണക്കേടാണ്.

ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറുമാണ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യാന്‍ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളത്? എക്‌സൈസ് വകുപ്പിന്റെ അധികാരങ്ങള്‍ ടൂറിസം വകുപ്പ് കവര്‍ന്നെടുക്കുകയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നതിലും ബാറുകളുടെ സമയം നീട്ടിക്കൊടുക്കാനും ആവേശത്തോടെ ഇറങ്ങിയത് ടൂറിസം വകുപ്പാണ്. എല്ലാ അഴിമതിക്കള്‍ക്ക് പിന്നിലുമെന്ന പോലെ ഇവിടെയും അനാവശ്യ ധൃതിയുണ്ടായി.

മന്ത്രിമാരാണ് ആദ്യം നുണ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥരെക്കൊണ്ടും നുണ പറയിച്ചു. ടൂറിസം സെക്രട്ടറിയുടെ പേരിലുള്ള പ്രസ്താവന ടൂറിസം മന്ത്രിയുടെ ഓഫീസിലാണ് തയാറാക്കിയത്. അവിടെയാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അവിടെ അധികാര കേന്ദ്രീകരണം നടക്കുകയാണ്. അതൊക്കെ പുറത്തു വരും.

ചീഫ് സെക്രട്ടറി വിളിച്ചു കൂട്ടിയ യോഗത്തിലാണ് അബ്ക്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ടൂറിസം സെക്രട്ടറിക്ക് എന്ത് കാര്യമാണുള്ളത്? അത് ടൂറിസം സെക്രട്ടറിയുടെ പണിയല്ല. അപ്പോള്‍ മന്ത്രി രാജേഷ് പറയട്ടെ, അദ്ദേഹത്തിന്റെ വകുപ്പ് ഇപ്പോള്‍ കയ്യിലുണ്ടോയെന്നും അതോ മറ്റാരുടെയെങ്കിലും കയ്യിലാണോയെന്നും വ്യക്തമാക്കട്ടെ”

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments