‘മദ്യമൊഴുക്കൽ നയം’ കൊണ്ടുവരാൻ വളഞ്ഞ വഴികൾ: തിരക്കഥയൊരുക്കിയത് ഐ.എ.എസ് മുഖ്യൻ: സംവിധാനം ടൂറിസം മന്ത്രി

ടൂറിസം ഡയറക്ടർ ആയിരുന്ന പി.ബി. നൂഹ് 3 മാസത്തെ ലീവിൽ പ്രവേശിച്ചത് മദ്യനയം ടൂറിസം വകുപ്പിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന്. മദ്യനയത്തിൽ ടൂറിസം വകുപ്പ് മുഖാന്തരം ഫയൽ നീക്കി ഇടപെടൽ നടത്തണമെന്ന റിയാസിന്റെ ആവശ്യം നൂഹ് നിരസിച്ചിരുന്നു. അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 22 ന് നൂഹ് 3 മാസത്തെ ലീവിന് അപേക്ഷിച്ചു. ഏപ്രിൽ 29 മുതൽ ജൂലൈ 21 വരെ നൂഹ് ലീവിലാണ്.

നൂഹിന് പകരം ടൂറിസം ഡയറക്ടറുടെ ചുമതല നൽകിയത്‌ ആരോഗ്യവകുപ്പിലെ ഡെപ്യുട്ടി സെക്രട്ടറിയായ ശിഖ സുരേന്ദ്രനായിരുന്നു. ശിഖയുടെ നേതൃത്വത്തിൽ ബാർ ഉടമകളെ പങ്കെടുപ്പിച്ച മെയ് 21 ലെ യോഗത്തിലൂടെയാണ്‌ പുതിയ മദ്യനയം ഫയലിൽ ജന്മമെടുക്കുന്നത്‌. കെ.റ്റി.ഡി.സി എം.ഡിയുടെ അധിക ചുമതല കൂടി വഹിക്കുന്ന ശിഖ സുരേന്ദ്രൻ പി.കെ. ശശിയുടെ വിശ്വസ്തയായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഏറെ ജൂനിയറായ ശിഖ എത്തിയതോടെ മുഹമ്മദ് റിയാസിന് കാര്യങ്ങൾ എളുപ്പമായി. റൂൾസ്‌ ഓഫ്‌ ബിസിനസ്‌ പ്രകാരം എക്സൈസ് വകുപ്പാണ്‌ മദ്യനയം പാസ്സാക്കേണ്ടതും നടപ്പിലാക്കേണ്ടതും. ബാറുടമകളുമായുള്ള ചർച്ച നടത്തേണ്ടിയിരുന്ന നികുതി വകുപ്പ് (എക്സൈസ്‌) അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക്‌ മദ്യനയത്തിൽ ടൂറിസം വകുപ്പിന്റെ ഫയലിൽ ഇടപെടൽ നടത്താൻ വഴിയൊരുക്കുകയായിരുന്നു.

ടൂറിസം സെക്രട്ടറി കെ. ബിജു മുഖാന്തരം ടൂറിസം ഡയറക്ടർക്ക്‌ തുടർനടപടികളെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. എക്സൈസ്‌ നയം പൊളിച്ചെഴുതുന്നതുമായി ബന്ധപ്പെട്ട ‘അനൗദ്യോഗിക ചർച്ചകൾ’ നടത്തിയ ദിവസങ്ങളിൽ ഔദ്യോഗിക രേഖകളിൽ പല ഉദ്യോഗ്സ്ഥരും അവധി രേഖപ്പെടുത്തി പൂർണ്ണമായും ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞതായും അറിയുന്നു. എക്സൈസ്‌ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക്‌ പല ചർച്ചകളിലും പങ്കെടുത്തിരുന്നെങ്കിലും 2.4.24 മുതൽ 10.5.24 വരെ അവധിയിലായി രേഖപ്പെടുത്തിയിട്ടുണ്ട്‌. സർക്കാറിനെ പ്രതിനിധീകരിച്ച്‌ ഡോ. ജയതിലകും പാർട്ടിയെ പ്രതിനിധീകരിച്ച് മന്ത്രി മുഹമ്മദ്‌ റിയാസുമാണ്‌ മൂന്നാറിലും വിദേശത്തുമായി നടന്ന അനൗപചാരിക ചർച്ചകൾക്ക്‌ നേതൃത്വം നൽകിയത്‌. എക്സൈസ്‌ വകുപ്പിന്റെ തലപ്പത്ത്‌ വർഷങ്ങളായുള്ള ഉന്നത ഉദ്യോഗസ്ഥനും ബാറുടമകളുമായി അടുത്ത ബന്ധം കാത്ത്‌ സൂക്ഷിക്കുന്ന ഉന്നത ഐ.പി.എസ്‌ ഉദ്യോഗ്സ്ഥനും പാർട്ടിക്ക്‌ വേണ്ടി വിലപേശാൻ ഉണ്ടായിരുന്നു.

ബാറുകളിൽ മദ്യം പാഴ്സലായി വിൽപന നടത്താനുള്ള അനുമതി നൽകിയതിന്റെ പിന്നിലും ഈ ഉദ്യോഗസ്ഥനായിരുന്നു. പാർട്ടിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായികളാണ്‌ ചർച്ചകൾക്ക്‌ വേദിയൊരുക്കിയത്‌. എക്സൈസ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ എം.ബി. രാജേഷാണെങ്കിലും അദ്ദേഹത്തെ അവസാന ഘട്ടത്തിലെ ചർച്ചയിൽ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ.

വീണ വിജയന്റെ മാസപ്പടി കേസ് ഒതുക്കി തീർത്തതിലൂടെ ക്ലിഫ് ഹൗസിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായി ജയതിലക് മാറിയിരുന്നു. റവന്യു വകുപ്പ്‌ സെക്രട്ടറിയുടെ ചുമതല വഹിക്കുമ്പോൾ മുട്ടിൽ മരം മുറി അനുവദിച്ച വിവാദ ഉത്തരവിറക്കിയതും ഡോ. ജയതിലകായിരുന്നു. മന്ത്രി രാജേഷറിയാതെ സെക്രട്ടറിയും ക്ലിഫ്‌ ഹൗസും ചേർന്ന് വകുപ്പ്‌ ഭരിക്കുന്നത്‌ മുൻപും ചർച്ചയായിരുന്നു.

അനൗദ്യോഗിക ചർച്ചകൾക്ക്‌ ശേഷം കോടിക്കണക്കിന്‌ രൂപയുടെ കോഴപ്പണം ഉൾപ്പെട്ടതിനാൽ കേന്ദ്ര സർക്കാറിന്റെയും ഇ.ഡി. യുടെ കണ്ണ് വെട്ടിക്കാൻ പണമിടപാടുകൾ പൂർണ്ണമായും വിദേശത്താക്കി. തുടർന്ന്, ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ്‌ കാര്യങ്ങളുടെ ഗൗരവമോ പിന്നിലെ കളികളോ അറിയാത്ത ജൂനിയർ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി ഫയൽ നിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബാർ ഉടമകളെ പങ്കെടുപ്പിച്ച് മെയ് 21 ന് ടൂറിസം വകുപ്പ് ഓൺലൈനായി വിളിച്ച യോഗത്തിന്റെ വിശദാംശങ്ങൾ പ്രതിപക്ഷ നേതാവ് ഇന്നലെ പുറത്ത് വിട്ടിരുന്നു. മദ്യനയത്തിന്റെ പോളിസി പുതുക്കൽ എന്ന അജണ്ടയിൽ വിളിച്ചു ചേർത്ത യോഗത്തിന് പിന്നാലെയാണ് 2.5 ലക്ഷം ഓരോ ബാർ ഉടമയിൽ നിന്നും പിരിക്കാനുള്ള തീരുമാനം ഔദ്യോഗികമായി സംഘടനാ നേതാക്കൾ അറിയിച്ചത്‌.

ഡ്രൈ ഡേ, ബാറുകളുടെ പ്രവൃത്തി സമയം എന്നിവ ബാർ ഉടമകളുടെ ആഗ്രഹപ്രകാരം നടത്തി കൊടുക്കാം എന്ന ഉറപ്പ് ലഭിച്ചതിനു ശേഷമായിരുന്നു പിരിവുമായി ബാർ ഉടമകൾ മുന്നോട്ട് പോയത്. മാസങ്ങളോളം നീണ്ടുനിന്ന രേഖകളിലില്ലാത്ത ‘അനൗദ്യോഗിക ചർച്ചകൾ’ എന്ന വ്യാജേന കോഴപ്പണം തിട്ടപ്പെടുത്തി കച്ചവടം ഉറപ്പിച്ച ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

ചില ഐ.എ.എസ്‌, ഐ.പി.എസ്‌ ഉദ്യോസ്ഥരുടെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ ബാറുകൾ നടത്തുന്നത്‌ പരസ്യമായ രഹസ്യമാണ്‌. ടൂറിസം, PWD വകുപ്പുകളുടെ‌ സെക്രട്ടറിയും മന്ത്രി റിയാസിന്റെ വിശ്വസ്തനുമായ കെ. ബിജുവിന്റെ ഭാര്യകുടുംബവും അനവധി ബാറുകൾ നടത്തുന്നുണ്ട്‌. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഇവരുടെ ആവശ്യം കൂടിയാണ്‌ പുതിയ മദ്യനയം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments