ബാറുകാരിൽ നിന്ന് വാങ്ങിയ നികുതിയെക്കുറിച്ച് കെ.എൻ. ബാലഗോപാലിന് മറുപടിയില്ല

തിരുവനന്തപുരം: ബാറുകളിൽ നിന്നും ലഭിക്കേണ്ട വിൽപന നികുതിയിൽ ( ടേൺ ഓവർ ടാക്സ്) നിയമസഭയിലും ഒളിച്ചുകളി. 2017-18 മുതൽ 2022-23 വരെ ബാറുകളിൽ നിന്ന് ലഭിച്ച ടേൺ ഓവർ ടാക്സ് എത്രയെന്ന് റോജി എം. ജോൺ 2023 മാർച്ച് 6 ന് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ബാലഗോപാൽ ഇതിന് മറുപടി നൽകിയില്ല.

1000 കോടിയോളം രൂപ ടേൺ ഓവർ ടാക്സായി ഒരു വർഷം ലഭിക്കേണ്ടതാണ്. ഇത് പിരിക്കാതെ ബാറുകാരെ സഹായിക്കുകയായിരുന്നു സർക്കാർ. ബാലഗോപാലിൻ്റെ നിയമസഭയിലെ ഒളിച്ചുകളിയുടെ കാരണവും ഇത് തന്നെയാണ് എന്നാണ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ ബാറുകളിൽ നിന്നുള്ള വില്പന നികുതി വരവിൽ വൻ ചോർച്ചയാണ് സംഭിവിക്കുന്നത് സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ മദ്യവില്പനയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന വില്പന നികുതി TOT ( ടേൺ ഒവർ ടാക്സ് ) നിലവിൽ വില്പനയുടെ 10% ആണ്.

സംസ്ഥാനത്തെ ബെവ്കോ വെയർഹൗസുകളിൽ നിന്നും വാങ്ങുന്ന മദ്യത്തിൻമേൽ കയറ്റിയിറക്ക് ട്രാൻസ്പോർട്ടേഷൻ, ലാഭം എന്നിവ കൂടി ചേർന്ന തുകയാണ് വിറ്റ് വരവായി വന്ന് ചേരുന്നത്. ഇതിൻമേലാണ് ToT കണക്കാക്കി സർക്കാരിലേക്ക് അടയ്ക്കുന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ബാർ ഹോട്ടലുകളിൽ നിന്നുള്ള വില്പന നികുതി പിരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയിരിക്കുന്നു.

2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് ആകെ 29 ബാർ ഹോട്ടൽ ലൈസൻസേ ഉണ്ടായിരുന്നുള്ളൂ. ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിലെ ബാറുകൾ 748 ൽ നിന്ന് 29 ആയി കുറച്ചിരുന്നു.

എന്നാൽ 2017 ജൂണോട് കൂടി LDF സർക്കാർ മദ്യനയം തിരുത്തുകയും ബാർ ലൈസൻസിന് പ്രതിവർഷം 30 ലക്ഷം രൂപാ വീതം സ്വീകരിച്ച് 665 ബാറുകൾക്ക് പ്രവർത്തനാനുമതി നൽകി 2023 മുതൽ ലൈസൻസ് ഫീ 35 ലക്ഷമാക്കുവാനായിരുന്നു ഇടതുമുന്നണിയുടെ തീരുമാനം.

എന്നാൽ 2016 വരെ കോമ്പൗണ്ടിങ്ങ് സമ്പ്രദായത്തിൽ നികുതി ഒടുക്കാത്ത ബാർ ഹോട്ടലുകളിൽ എല്ലാ വർഷങ്ങളിലും നിർബന്ധിത ഇന്റലിജൻസ് പരിശോധന നടത്തുകയും ബാർ ഹോട്ടലുകൾ മദ്യം പെഗ്ഗ് അളവിൽ വിൽക്കുമ്പോൾ വാങ്ങുന്ന വിലയിൽ അടങ്ങിയിരിക്കുന്ന ലാഭ ശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളിൽ കാണിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയും വെട്ടിപ്പ് ബോധ്യപ്പെട്ടാൽ പിഴ ഇടുകയും ബന്ധപ്പെട്ട നികുതി നിർണ്ണയ അധികാരിക്ക് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു.

നികുതി നിർണ്ണയം നടത്തുമ്പോൾ ഈ ലാഭ ശതമാനം TOT കണക്കാക്കുവാനുള്ള അളവ് കോലായും ഉപയോഗിച്ച് പോന്നു. എന്നാൽ 2017 ന് ശേഷം ഇത്തരം പരിശോധനകൾ ഒഴിവാക്കി ബാറുകാർ തയ്യാറാക്കിക്കൊണ്ടുവരുന്ന കണക്കുകൾ അംഗീകരിച്ച് നികുതി നിർണ്ണയം നടത്തി നൽക്കുവാൻ നികുതി നിർണ്ണയ അധികാരി നിർ ബന്ധിതമാകുന്നു. ഭൂരിഭാഗം ബാർ ഹോട്ടലുകളും നികുതി റിട്ടേണുകൾ സമയബന്ധിതമായി ഫയൽ ചെയ്യുന്നുമില്ല.

ഇവർക്കെതിരെ യാതൊരുവിധ കർശന നടപടികൾ സ്വീകരിക്കുവാനും സർക്കാർ മുതിരുന്നില്ല. ഇതിനെല്ലാം വേണ്ട ഒത്താശ ചെയ്യുകയാണ് നികുതി വകുപ്പ് മേധാവികൾ. ഇത് മൂലം സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments