തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസമായി കുടിശികയായിരുന്ന ക്ഷേമ പെൻഷനില്‍ ഒരു മാസത്തേത് ഉടൻ അനുവദിക്കും. ഈ മാസം 29 മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. 2023 ഡിസംബർ മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ് അനുവദിക്കുന്നത്.
2024 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ക്ഷേമ പെൻഷൻ കുടിശികയാണ്. 900 കോടിയാണ് ഒരു മാസത്തെ ക്ഷേമപെൻഷനും ക്ഷേമ നിധി ബോർഡ് പെൻഷനും കൊടുക്കാൻ വേണ്ടത്. ഈ മാസം 28 ന് 3500 കോടി കേരളം കടമെടുക്കുന്നുണ്ട്.
6 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയായിട്ടും ലോക കേരളസഭ പോലുള്ള ധൂർത്ത് നടത്താൻ സർക്കാർ കോടികൾ അനുവദിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് 2023 ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.