Kerala Government News

തമ്പുരാട്ടിമാർക്ക് ഉത്രാടക്കിഴി; പണം അനുവദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി രാജകുടുംബത്തിലെ സ്ത്രീകൾക്ക് ഉത്രാടക്കിഴി നൽകാൻ 81000 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. കൊച്ചി രാജാവ് കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന ഉത്രാടക്കിഴി നൽകാനാണ് തുക അനുവദിച്ചത്. തൃശൂർ കളക്റ്ററുടെ കത്ത് പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

രാജകുടുംബത്തിലെ അന്തർജനങ്ങൾക്ക് കൊച്ചി രാജാവ് സമ്മാനമായി നൽകിയിരുന്ന ‘ഓണപ്പുടവ’ എന്ന പരമ്പരാഗത സമ്മാനമാണ് തിരുകൊച്ചി സംയോജനത്തോടെ സർക്കാർ ഏറ്റെടുത്തത്. ഉത്രാടക്കിഴി ആളൊന്നുക്ക് 1000 രൂപ പണമായാണു നൽകുക. തൃശൂർ കളക്ടറേറ്റിൽ നിന്ന് തഹസീൽദാർമാർ മുഖേനയാണ് ഉത്രാടക്കിഴി വിതരണം. രാജകുടുബാംഗങ്ങളുടെ വീടുകളിൽ സർക്കാർ പ്രതിനിധി നേരിട്ടെത്തിയാണ് ഉത്രാടക്കിഴി നൽകുക.

ആദ്യകാലങ്ങളിൽ 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1000 രൂപയായി വർധിപ്പിച്ചത്. രാജകുടുംബത്തിലെ സ്ത്രീകളായ 81 പേരാണ് ഉത്രാടക്കിഴി ഏറ്റുവാങ്ങുന്നത്. തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണു വിതരണം. അവകാശികളെ അതാത് താലൂക്കുകളാണു ബന്ധപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *