അനാരോഗ്യം: മന്ത്രി കെ.എന്‍. ബാലഗോപാല്‍ വിദേശയാത്ര റദ്ദാക്കി; പോകാനിരുന്നത് എം.ബി. രാജേഷിനൊപ്പം

മന്ത്രിമാരായ എം.ബി രാജേഷ്, കെ.എൻ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ഒഴിഞ്ഞതോടെ സംസ്ഥാനത്തെ മന്ത്രിമാര്‍ വിദേശയാത്രയുടെ തിരക്കിലാണ്. ആദ്യം മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും കുടുംബവും വിദേശ രാജ്യത്ത് വിനോദ സഞ്ചാരം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. പിന്നീട് ഗതാഗത മന്ത്രിയും കുടുംബവും ഇന്തോനേഷ്യ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷും കുടുംബവും ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി യാത്ര തിരിച്ചിരിക്കുകയാണ്.

മന്ത്രി എം.ബി. രാജേഷിനോടൊപ്പം വിദേശയാത്രയ്ക്ക് തയ്യാറെടുത്തിരുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇപ്പോള്‍ യാത്ര റദ്ദാക്കിയിരിക്കുകയാണ്. അനാരോഗ്യമാണ് കാരണം. ഹൃദ്രോഗത്തിന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ് ബാലഗോപാല്‍. ഈമാസം 24ന് ഓഫീസിലെത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വിശ്രമദിവസങ്ങള്‍ നീട്ടുകയായിരുന്നു. 45 ദിവസത്തെ മുഴുവന്‍ സമയ വിശ്രമമാണ് ഡോക്ടര്‍മാര്‍ ബാലഗോപാലിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെയാണ് ഇദ്ദേഹത്തിന് വിദേശയാത്ര റദ്ദാക്കേണ്ടി വന്നത്.

മന്ത്രിസഭാംഗങ്ങള്‍ക്ക് വിദേശയാത്ര ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഇതിനുവേണ്ടി മുഖ്യമന്ത്രിയോടൊപ്പം മറ്റ് മന്ത്രിമാരും വിദേശയാത്രക്കുള്ള അനുമതി തേടിയിരുന്നു. എം.ബി. രാജേഷിനും കെ.എന്‍. ബാലഗോപാലിനും ഒരേസമയം തന്നെ അനുമതി ലഭിക്കുകയും ചെയ്തു. മന്ത്രിസഭയിലെയും സിപിഎം സംസ്ഥാന നേതൃത്വത്തിലെയും അടുത്ത സുഹൃത്തുക്കളായ ഇരുവരും കുടുംബത്തോടൊപ്പം നടത്താനിരുന്ന യാത്രയാണ് ബാലഗോപാലിന് സുഖമില്ലാതായതോടെ മുടങ്ങിയത്.

കേന്ദ്രത്തിന്റെ യാത്രാനുമതി ലഭിച്ച എം.ബി. രാജേഷ് ഇന്ന് യാത്ര പുറപ്പെട്ടു. ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ മന്ത്രിയും കുടുംബവും സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരമാണ് യാത്ര.

സ്വകാര്യ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചല്ല യാത്രയെന്ന് ഓഫിസ് അറിയിച്ചു. മദ്യനയം മാറ്റാന്‍ സര്‍ക്കാരിന് പിരിവ് നല്‍കണമെന്ന ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നത് വിവാദമായിരുന്നു. ശബ്ദസന്ദേശത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments