ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയില്‍ കൊടും ക്രിമിനലുകളായ മൂന്നുപേര്‍ ഉള്‍പ്പെടെ 33 നക്സലൈറ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി. ഇവരില്‍ മൂന്നുപേരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
ഗോത്രവര്‍ഗക്കാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തുന്ന അതിക്രമങ്ങളിലും പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലും നിരാശയുണ്ടെന്ന് ചൂണ്ടിക്കാട്ടി നക്സലൈറ്റുകള്‍ പോലീസിലെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെയും (സിആര്‍പിഎഫിലെ) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ബീജാപൂര്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് അറിയിച്ചു.
കീഴടങ്ങിയ 33 കേഡര്മാരില് രണ്ട് സ്ത്രീകള്‍ മാവോയിസ്റ്റുകളുടെ ഗംഗളൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ വിഭാഗങ്ങളിലും സംഘടനകളിലും സജീവമായിരുന്നു.
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന് നമ്പര്‍ അംഗമായ രാജു ഹേംല, 35 വയസ്സുകാരനായ താക്കൂര്‍, മാവോയിസ്റ്റുകളുടെ ആര്‍പിസി (വിപ്ലവ പാര്‍ട്ടി കമ്മിറ്റി) ജനതാ സര്‍ക്കാരിന്റെ തലവന്‍ സുദ്രു പുനെം എന്നിവരെ പിടിച്ചുകൊടുക്കുന്നവര്ക്കായിരുന്നു സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നത്. ഇവരും കീഴങ്ങിയത് മാവോയിസ്റ്റ് മേഖലയിലെ സുരക്ഷാ സേനയുടെ നേട്ടമാണ്. പാരിതോഷികം വഹിക്കുന്ന മൂവരും മുന്‍കാലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കീഴടങ്ങിയ നക്സലൈറ്റുകള്‍ക്ക് 25,000 രൂപ വീതം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നയമനുസരിച്ച് അവരെ പുനരധിവസിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 109 നക്സലൈറ്റുകള്‍ അക്രമം അവസാനിപ്പിച്ചതായും 189 പേരെ അറസ്റ്റ് ചെയ്തതായും അവര്‍ പറഞ്ഞു.