തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത്.
ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ൽ നിന്നും 12 ലേക്ക്) ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.
ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. 2016 ൽ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 29 ബാറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇപ്പോൾ 801 ബാറുകളാണ് ഉള്ളത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 671 ബാറുകളാണ് ഉണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്ക് കൂടി ലൈസൻസ് കൊടുത്തതോടെ ബാറുകളുടെ എണ്ണം 801 ആയി ഉയർന്നു.
2.50 ലക്ഷം കോഴ വച്ച് 801 ബാറുടമകളിൽ പിരിക്കുക 20,02 ,50,000 രൂപയാണ്. 20 കോടിക്ക് മുകളിലുള്ള കോഴ ഒഴുകുന്നത് എക്സൈസ് മന്ത്രി എം.ബി രാജേഷിൻ്റെ പോക്കറ്റിലോ അതോ ക്ലിഫ് ഹൗസിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉടൻ തന്നെ ലഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതിൻ്റെ ഡീലർഷിപ്പും മന്ത്രി എം.ബി രാജേഷിൻ്റെ അടുപ്പക്കാരനാണ് ലഭിക്കുന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ശബ്ദ സന്ദേശം ഇങ്ങനെ:
”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്.
ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിന്റെ പേരും ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു”.
ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.