ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന.
ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉടനെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പത്മജക്ക് നല്‍കിയിരിക്കുന്ന അനൗദ്യോഗിക ഉറപ്പ്. ഇക്കാര്യം പലതലങ്ങളില്‍ കേട്ടെന്ന് പത്മജയും ഇതിനോട് പ്രതികരിച്ചു. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ബിജെപിയില്‍ ഉണ്ടാകില്ലെന്നും തനിക്കുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നുമാണ് പത്മജ പറയുന്നത്.
നിലവില്‍ ബിശ്വഭൂഷണ ഹരിചന്ദനാണ് ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. ബിജെപിയിലേക്ക് ചേരാന്‍ പത്മജയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് സൂചനയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പത്മജ എത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തില്‍ അടക്കം പത്മജ സജീവമായിരുന്നു.