തിരുവനന്തപുരം: പൗരപ്രമുഖർക്ക് ഭക്ഷണം കൊടുക്കാൻ 2023- 24 ൽ മുഖ്യമന്ത്രി ചെലവാക്കിയത് 89.48 ലക്ഷം രൂപ. ഓണം,നവവൽസര ആഘോഷം, ഇഫ്താർ വിരുന്നുകളാണ് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി ഒരുക്കിയത്.
45 ലക്ഷം രൂപയായിരുന്നു മുഖ്യമന്ത്രിയുടെ അതിഥി സൽക്കാരത്തിന് 2023-24 ബജറ്റിൽ വകയിരുത്തിയത്. എന്നാൽ ചെലവ് 89.48 ലക്ഷമായി ഉയർന്നുവെന്ന് ഏപ്രിൽ 29 ന് ബാലഗോപാൽ ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.
നവകേരള സദസിന് പൗരപ്രമുഖർക്കായി പ്രഭാത ഭക്ഷണം മുഖ്യമന്ത്രി കൊടുത്തിരുന്നു. ഇതിൻ്റെ ചെലവ് അതാത് സംഘാടക സമിതിയാണ് വഹിച്ചത്. നവകേരള സദസിൽ പൗരപ്രമുഖർക്ക് പ്രഭാത ഭക്ഷണം ഒരുക്കിയതിന് സംഘാടക സമിതിക്ക് 2 കോടിക്ക് മുകളിൽ ചെലവായി.
36 ദിവസം നീണ്ട് നിന്ന നവകേരള സദസിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണം പൗര പ്രമുഖർക്കായി ഒരുക്കിയിരുന്നു. 2022- 23 ൽ 44.32 ലക്ഷം രൂപയായിരുന്നു പൗരപ്രമുഖർക്ക് ഭക്ഷണം നൽകിയതിന് ചെലവായത്. ഈ സാമ്പത്തിക വർഷം 45 ലക്ഷം രൂപയാണ് ഈ ആവശ്യത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഇത് തികയാതെ വരും എന്നാണ് 2023- 24 ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബജറ്റിലെ പണം വിനിയോഗിച്ച് കഴിയുന്ന മുറക്ക് അധിക ഫണ്ട് ധനവകുപ്പ് നൽകും. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം പൗരപ്രമുഖർക്ക് കുശാലാണ്. ഓണസദ്യക്ക് 65 ഇനങ്ങളാണ് ഉണ്ടായിരുന്നത്.
ക്രിസ്മസ്, ഇഫ്താർ വിരുന്നുകൾക്കും വിഭവസമൃദ്ധമായ ഭക്ഷണം ആണ് വിളമ്പിയത്. ജനത്തിൻ്റെ നികുതി പണത്തിൽ പൗരപ്രമുഖർക്ക് വർഷത്തിൽ ഏറ്റവും കുറഞ്ഞത് 3 തവണ മുഖ്യമന്ത്രി വക ഉഗ്രൻ ശാപ്പാട് കിട്ടും. ഇത്തവണ 1 കോടിക്ക് മുകളിൽ തുക ഉയരും എന്നാണ് ധനവകുപ്പ് കണക്ക് കൂട്ടുന്നത്.