തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍ നിര്‍ദ്ദേശിച്ച് എക്‌സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നിരുന്നു. അതില്‍ എക്‌സൈസിനോട് മുഖ്യമന്ത്രി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
സ്‌കൂള്‍ തുറക്കുന്നതുമുതല്‍ സ്‌കൂള്‍ പിരസരം പൂര്‍ണ്ണമായും നിരീക്ഷത്തിലാക്കും, മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും നടത്തണം, സ്‌കൂള്‍ പരിസരത്തുള്ള ഒഴിഞ്ഞ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും ഇടവഴികളും നിരീക്ഷിക്കണം, സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെ നിരീക്ഷിക്കും, സ്‌കൂള്‍ പരിസരത്ത് വാഹന പരിശോധന സജീവമാക്കണം എന്നൊക്കെയാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍, കഴിഞ്ഞ അധ്യായന വര്‍ഷാരംഭത്തിലും എക്‌സൈസ് വകുപ്പിന്റെ സര്‍ക്കുലറും നിരീക്ഷണങ്ങളും ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്.