അഹമ്മദാബാദ്: കനത്ത ചൂടിലും ഉഷ്ണതരംഗത്തിലും വലഞ്ഞ നടന്‍ ഷാരൂഖ് ഖാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. നിര്‍ജലീകരണം കാരണമാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ചൊവ്വാഴ്ച അഹമ്മദാബാദില്‍ കെകെആറും എസ്ആര്‍എച്ചും തമ്മിലുള്ള പ്ലേ ഓഫ് മത്സരം നടന്നു. ഈ മത്സരത്തിനായി രണ്ട് ദിവസം മുമ്പ് ഷാരൂഖ് അഹമ്മദാബാദില്‍ എത്തിയിരുന്നു.

മത്സരം അവസാനിച്ചതിന് ശേഷം, രാത്രി വൈകി ടീമിനൊപ്പം അഹമ്മദാബാദിലെ ഐടിസി നര്‍മ്മദ ഹോട്ടലില്‍ എത്തിയ ഷാരൂഖ് ഖാന്‍ ടീമംഗങ്ങള്‍ക്ക്് ഗംഭീര സ്വീകരണം നല്‍കിയിരുന്നു. പിന്നീട് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണിയോടെ അദ്ദേഹത്തെ കെഡി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.

നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മതിയായ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഹമ്മദാബാദ് ഉള്‍പ്പടെയുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധി നഗറില്‍ താപനില 45 ഡിഗ്രിക്ക് അടുത്താണ്. ഇതിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പും നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.