ഗ്രാജ്വേറ്റ് വിസകള്‍ നിയന്ത്രിക്കാനുള്ള പദ്ധതി യുകെ പ്രധാനമന്ത്രി ഋഷി സുനക് ഉപേക്ഷിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തരം രണ്ട് വര്‍ഷത്തേക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് ഗ്രാജ്വേറ്റ് വിസകള്‍.

ബിരുദാനന്തര ബിരുദ വിസകള്‍ നിയന്ത്രിക്കാന്‍ ഋഷി സുനക് നേരത്തെ തീരുമാനമെടുത്തിരുന്നു. ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം വരെ യുകെയില്‍ തുടരാനും ജോലി ചെയ്യാനും അനുവദിക്കുന്ന പോസ്റ്റ്-സ്റ്റഡി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു ഋഷി സുനക് പദ്ധതിയിട്ടിരുന്നത്.

ചാന്‍സലര്‍ ജെറമി ഹണ്ട്, വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍, ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ തുടങ്ങിയ മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ ഗ്രാജ്വേറ്റ് വിസ നിയന്ത്രിക്കാനുള്ള ആശയത്തെ എതിര്‍ത്തതിനെതുടര്‍ന്നാണ് പിന്മാറാന്‍ സുനക് തീരുമാനിച്ചത്.

ഇതിന് പകരമായി നിയമങ്ങള്‍ കര്‍ശനമാക്കാനും കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനും അദ്ദേഹം ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. മറ്റ് രാജ്യങ്ങളില്‍ യുകെ ബിരുദ കോഴ്സുകള്‍ പരസ്യപ്പെടുത്തുന്ന ഏജന്റുമാര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് നിര്‍ദ്ദിഷ്ട ആശയങ്ങളിലൊന്ന്.

ഈ ഏജന്റുമാര്‍ കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം നേരത്തെ വാഗ്ദാനം ചെയ്തതിലും കുറവാണെങ്കില്‍, അവര്‍ക്ക് പിഴ ഈടാക്കാം. ഗ്രാജ്വേറ്റ് വിസയില്‍ യുകെയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലുള്ള പ്രാവീണ്യം വ്യക്തമാക്കുന്നതിന് പരീക്ഷകള്‍ നടത്താന്‍ സാധ്യതയുണ്ട്. സര്‍വകലാശാലകളിലോ കോളേജുകളിലോ ധാരാളം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി നഷ്ടപ്പെടും.

എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യുകെയില്‍ പഠനത്തിനായി എത്തുന്നത്. ആകെയുള്ള ഗ്രാജ്വേറ്റ് വിസകളില്‍ 40 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കപ്പെടുന്നത്. ഗ്രാജ്വേറ്റ് വിസ പദ്ധതി നിലനിര്‍ത്താന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും യുകെയില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളും ഋഷി സുനകിനോട് ആവശ്യപ്പെടുന്നുണ്ട്.