സെക്രട്ടേറിയേറ്റിനെ കുറിച്ച് പഠിക്കാൻ കൺസൾട്ടൻസി എത്തും!

വർക്ക് സ്റ്റഡി റിപ്പോർട്ട് വിവാദമായ സാഹചര്യത്തിലാണ് കൺസൾട്ടൻസി പഠനത്തിലേക്ക് സർക്കാർ കടക്കുന്നത്

സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളെ കുറിച്ച് പഠിക്കാൻ കൺസൾട്ടൻസി എത്തും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കിയ വർക്ക് സ്റ്റഡി റിപ്പോർട്ട് വിവാദമായ സാഹചര്യത്തിലാണ് കൺസൾട്ടൻസിയെ വച്ച് പഠിക്കാൻ സർക്കാർ ആലോചിക്കുന്നത്.

വർക്ക് സ്റ്റഡി റിപ്പോർട്ടിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. വർക്ക് സ്റ്റഡി റിപ്പോർട്ട് പൂർണ്ണമായും തള്ളി ധനവകുപ്പ് രംഗത്ത് വന്നിരുന്നു. ആദ്യം സ്വയം നന്നാവൂ എന്നായിരുന്നു പൊതുഭരണ വകുപ്പിനോട് ധനവകുപ്പ് പറയുന്നത്. തസ്തികകൾ കുറയ്ക്കേണ്ടത് പൊതുഭരണ വകുപ്പിലേതാണ് എന്നാണ് ധനവകുപ്പിൻ്റെ നിലപാട്.

കിഫ് ബി യും പെൻഷൻ കമ്പനിയും പൂട്ടണം എന്ന വർക്ക് സ്റ്റഡി റിപ്പോർട്ട് സർക്കാരിനെയും പ്രതിരോധത്തിൽ ആക്കിയിരുന്നു. സർക്കാരിൻ്റെ നേട്ടമായി കാണുന്ന കിഫ് ബി പൂട്ടണമെന്ന പരാമർശം വർക്ക് സ്റ്റഡി റിപ്പോർട്ടിൽ ഇടം പിടിച്ചതിൽ രോഷാകുലനാണ് കിഫ് ബി സി.ഇ.ഒ യും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാം.

വർക്ക് സ്റ്റഡി റിപ്പോർട്ട് ചവറ്റുകുട്ടയിൽ എറിയാൻ അധിക സമയം എടുക്കില്ല എന്ന് വ്യക്തം. വർക്ക് സ്റ്റഡി റിപ്പോർട്ടിൻ്റെ പേരിൽ പൊതുഭരണ വകുപ്പും ധനവകുപ്പും തമ്മിലുള്ള അടി രൂക്ഷമാകുകയാണ്. ഈ പശ്ചാത്തലത്തിൽ ആണ് പുറത്ത് നിന്നുള്ള കൺസൾട്ടൻസി ഇരു വകുപ്പുകളെയും കുറിച്ച് പഠിക്കട്ടെ എന്ന ആലോചനയിലേക്ക് സർക്കാർ കടക്കുന്നത്.

സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് കാര്യക്ഷമതയില്ലെന്ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കെ. ആർ. ജ്യോതിലാൽ ഐ എ എസ് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടൻസിക്ക് സെക്രട്ടേറിയറ്റിൽ ഓഫിസ് നൽകാൻ അക്കാലത്ത് നടന്ന ശ്രമം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റിന് (CMD) പഠന ചുമതല നൽകും എന്നാണ് ലഭിക്കുന്ന സൂചന. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments