തിരുവനന്തപുരം: ഓഫിസ് സമയത്ത് വിരമിക്കല്‍ ആഘോഷം നടത്താന്‍ ശ്രമിച്ച സഖാവിന്റെ ശ്രമം കമ്മീഷണര്‍ തടഞ്ഞു. മെയ് 17ന് വെള്ളിയാഴ്ച്ച രാവിലെ 11.30 മുതല്‍ കലാവിരുന്നും ഉച്ചഭക്ഷണവും ഒരുക്കി വിരമിക്കല്‍ ആഘോഷം പ്രഖ്യാപിച്ച ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എസ്. ഷിജുവിന്റെ നീക്കമാണ് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഐഎഎസ് തടഞ്ഞത്.
വിരമിക്കല്‍ ആഘോഷം കളര്‍ഫുള്‍ ആക്കാന്‍ തലസ്ഥാനത്തെ മുന്തിയ ഹോട്ടലില്‍ നിന്ന് ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നു. വിരമിക്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ വിവിധ ജില്ലകളിലെ ഓഫിസില്‍ നിന്നു പോലും ജീവനക്കാര്‍ എത്തിയിരുന്നു. ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ആയിരുന്നു ആഘോഷം.
ഓഫിസ് സമയം ആയിട്ടും ആഘോഷത്തിന് കമ്മീഷണര്‍ ആദ്യം പച്ചക്കൊടി കാട്ടിയിരുന്നു. മന്ത്രിയുടെ വിശ്വസ്തനെ പിണക്കിയാല്‍ കസേര തെറിക്കുമെന്ന പേടിയിലായിരുന്നു കമ്മീഷണര്‍ അനുമതി നല്‍കിയത്. വാട്ട്‌സ് അപ്പ് വഴി സ്വന്തം ചിത്രം സഹിതം പോസ്റ്റര്‍ അടിച്ചായിരുന്നു സഖാവ് ജീവനക്കാരെ ക്ഷണിച്ചത്. ഏതോ ജീവനക്കാര്‍ വഴി പോസ്റ്റര്‍ തലസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
രാവിലെ പതിനൊന്ന് മണി മുതല്‍ ചാനലുകള്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഓഫിസില്‍ എത്തി തുടങ്ങി. പരിപാടി ഉണ്ടെന്ന് സ്ഥിരീകരിച്ചു. അകത്തേക്ക് ആരെയും പ്രവേശിക്കാതെ സെക്യൂരിറ്റിക്കാര്‍ ഇവരെ തടഞ്ഞു. ചാനലുകാര്‍ എത്തിയതോടെ ഓഫിസ് സമയത്ത് ആഘോഷം നടത്താന്‍ അനുമതി നല്‍കിയ തന്റെ കസേര തെറിക്കുമെന്ന പേടിയിലായി കമ്മീഷണര്‍. ഉച്ച സമയത്ത് പരിപാടി നടത്തിയാല്‍ മതിയെന്നായി കമ്മീഷണര്‍.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് എസ്. ഷിബു. പരിപാടി കുളമായതിന്റെ കലിപ്പിലാണ് സഖാവ്. ഈ മാസം 31 ന് വിരമിക്കുന്ന സഖാവിനെ വീണ ജോര്‍ജ് കൈവിടില്ല എന്നാണ് ലഭിക്കുന്ന സൂചന. സഖാവിന് പുനര്‍ നിയമനം ഉറപ്പാണെന്നാണ് തലസ്ഥാന വാര്‍ത്തകള്‍.