തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ നടക്കുന്ന നാലാമത് ലോക കേരള സഭക്ക് 2 കോടി രൂപ അനുവദിച്ചു. 351 അംഗങ്ങളാണ് പങ്കെടുക്കുന്നത്. നിയമസഭ മന്ദിരത്തിലാണ് ലോക കേരള സഭ നടക്കുന്നത്.
ഭക്ഷണത്തിന് 10 ലക്ഷവും താമസത്തിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, എയർ ടിക്കറ്റിന് 5 ലക്ഷം, പബ്ളിസിറ്റിക്ക് 5 ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെ ലോക കേരള സഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് 1 കോടി രൂപയാണ്.
ലോക കേരള സഭ സെക്രട്ടറിയേറ്റിന് 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇതിൽ 19 ലക്ഷം ഓഫിസ് ചെലവുകൾക്കാണ്. ലോക കേരള സഭയിലെ ശുപാർശകൾ നടപ്പിലാക്കാൻ 50 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ പബ്ളിസിറ്റിക്ക് മാത്രം 15 ലക്ഷം അനുവദിച്ചിട്ടുണ്ട്.
ബജറ്റിൽ ലോക കേരള സഭക്കായി വകയിരുത്തിയ 2 കോടിയാണ് അനുവദിച്ചത്. ചെലവ് ഇനിയും കോടികൾ ഉയരും. ബില്ലുകൾ വരുന്ന മുറക്ക് ധനവകുപ്പ് അധിക ഫണ്ട് അനുവദിക്കും. ലോക കേരള സഭ കഴിഞ്ഞാൽ 2 മേഖല സമ്മേളനങ്ങൾ വിദേശത്ത് വച്ച് നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശത്ത് നടക്കുന്ന മേഖല സമ്മേളനങ്ങളിൽ പങ്കെടുക്കും.
3 ലോക കേരള സഭ നടന്നെങ്കിലും പ്രവാസികൾക്ക് സഭ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. 2 വർഷം കൂടുമ്പോൾ മുറ തെറ്റാതെ നടക്കുന്ന ആചാരമായി ലോക കേരള സഭ മാറി. മേഖല സമ്മേളനത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും ജനങ്ങളുടെ നികുതി പണത്തിൽ സഞ്ചരിക്കുന്ന ഉല്ലാസയാത്രയായി ലോക കേരള സഭ മാറി എന്ന് ചുരുക്കം.