കളക്ടറുടെ കുഴിനഖ ചികിത്സ: ഡോക്ടറെ വീട്ടില്‍ വരുത്തിയത് സര്‍വീസ് ചട്ടലംഘനം: കുടുംബത്തിന്റെ ചികിത്സ സ്വകാര്യ ആശുപത്രിയില്‍; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആറുതവണ പണം അനുവദിച്ചു

തിരുവനന്തപുരം: കുഴിനഖ ചികിത്സക്കായി സര്‍ക്കാര്‍ ഡോക്ടറെ തിരുവനന്തപുരം ജില്ല കളക്ടര്‍ ജെറോമിക് ജോര്‍ജ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത് സര്‍വീസ് ചട്ടലംഘനം. ജെറോമിക് ജോര്‍ജിന്റെ നടപടി ആള്‍ ഇന്ത്യ സിവില്‍ സര്‍വീസ് മെഡിക്കല്‍ അറ്റന്‍ഡന്റ്‌സ് ചട്ടങ്ങളുടെ ലംഘനമാണ്. കളക്ടറുടെ വീടിന് സമീപത്ത് ആശുപത്രികള്‍ ഇല്ലാതിരിക്കുകയോ, ഉള്ള ഹോസ്പിറ്റല്‍ വിദൂരത്തായിരിക്കുകയോ, ഗുരുതര രോഗാവസ്ഥയിലോ ആയിരിക്കുമ്പോഴോ മാത്രമാണ് കളക്ടര്‍ക്ക് ഡോക്ടറെ വീട്ടില്‍ വിളിച്ചു വരുത്താനാകുക എന്നാണ് ചട്ടത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍, ഇത്തരമൊരു അവസ്ഥ തിരുവനന്തപുരത്ത് നഗരഹൃദയത്തില്‍ താമസിക്കുന്ന കളക്ടര്‍ക്ക് ഇല്ലായെന്നതാണ് വസ്തുത. കുഴിനഖമെന്നത് ഗുരുതര രോഗാവസ്ഥയല്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ഒതുങ്ങാതെ കുഴിനഖ ചികിത്സ വിവാദം മുന്നോട്ട് പോവുകയാണ്.

അതേസമയം, സാധാരണ നിലയില്‍ ജെറോമിക് ജോര്‍ജും കുടുംബവും ചികിത്സ നടത്തുന്നത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ കിംസ് ഹോസ്പിറ്റലിലാണ്. ഈ വര്‍ഷം തന്നെ ആറ് തവണയാണ് ഇദ്ദേഹത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചികിത്സാ ചെലവ് അനുവദിച്ചിരിക്കുന്നത്. ജനുവരി മൂന്നിന് 3,603രൂപ, ജനുവരി 10ന് 2,325 രൂപ, ജനുവരി 17ന് 37,478 രൂപ, ഏപ്രില്‍ 18ന് 2982 രൂപയും 3785 രൂപയും, മെയ് ഒമ്പതിന് 3,188 രൂപ എന്നിങ്ങനെയാണ് തിരുവനന്തപുരം കളക്ടറുടെ കുടുംബത്തിന് ചികിത്സക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഇതേസമയത്ത്, ജില്ലയിലെ പാവപ്പെട്ടവന്റെ ആശ്രയമായ ജനറല്‍ ആശുപത്രിയില്‍ വളരെ തിരക്കേറിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തി കുഴിനഖത്തിന് ചികിത്സ തേടിയതിലെ അസ്വഭാവികതക്കെതിരെ പ്രതിഷേധം ശക്തമാണ്.

കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ വീട്ടില്‍ വരുത്തിയ കളക്ടറുടെ നടപടി ന്യായീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കളക്ടറെ ന്യായീകരിച്ചും ഡോക്ടര്‍മാരെ വിമര്‍ശിച്ചും ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റും കൃഷി വകുപ്പ് സെക്രട്ടറിയുമായ ബി.അശോക് പത്രത്തില്‍ ലേഖനമെഴുതിയിരുന്നു. ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയതില്‍ ചട്ടലംഘനമില്ലെന്നായിരുന്നു അശോകിന്റെ വാദം. ചാനല്‍ ചര്‍ച്ചയില്‍ കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിനെതിരെയും ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

നിയന്ത്രിക്കേണ്ട ജല്പനങ്ങള്‍ എന്ന പേരിലായിരുന്നു ലേഖനം. ആരോഗ്യസെക്രട്ടറി ഇടപെട്ടതോടെ അനുനയത്തിലായ ഡോക്ടര്‍മാര്‍ ലേഖനത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റിട്ട് പ്രതിഷേധിച്ചു. ആള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടറുടേത് തെറ്റായ നടപടിയെന്നാണ് ഡോക്ടര്‍മാരുടെ വാദം. വീടിന് അടുത്ത് ആശുപത്രിയില്ലെങ്കിലോ, ഗുരുതരാവസ്ഥയിലാണെങ്കിലോ, ദൂരസ്ഥലത്താണെങ്കിലോ മാത്രമേ ഡോക്ടറെ വീട്ടില്‍ വിളിച്ചു വരുത്താനാകൂ എന്നാണ് ചട്ടമെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. കളക്ടറുടെ ചട്ടലംഘനത്തോട് പ്രതിഷേധിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടായാല്‍ കടുത്ത നടപടികളിലേക്ക് കെജിഎംഒഎ കടക്കുമെന്നാണ് സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments