തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നിർത്താൻ നീക്കം. ധനകാര്യ വകുപ്പിലെ ജോലിഭാരം ക്രമീകരിക്കുന്നത് സംബന്ധിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെ പ്രവൃത്തി പഠന റിപ്പോർട്ടിലാണ് പെൻഷൻ കമ്പനി നിർത്തലാക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
2018 ആഗസ്ത് 7 ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് മുൻ കൈയെടുത്ത് രൂപീകരിച്ച കമ്പനിയാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്. സഹകരണ ബാങ്കുകൾ, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്ന് പലിശക്ക് പണം വാങ്ങി ക്ഷേമ പെൻഷൻ മുടങ്ങാതെ നൽകുക എന്ന ഉദ്ദേശ ലക്ഷ്യത്തോട് കൂടിയാണ് പെൻഷൻ കമ്പനി രൂപികരിച്ചത്.
കമ്പനിക്ക് സർക്കാർ ബജറ്റിൽ നിന്ന് ധനസഹായം നൽകും. പെൻഷൻ കമ്പനിയുടെ സഹായത്താൽ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കാൻ ഐസക്കിന് കഴിഞ്ഞിരുന്നു. ബാലഗോപാൽ ധനമന്ത്രിയായതോടു കൂടിയാണ് ക്ഷേമ പെൻഷൻ മാസങ്ങളോളം കുടിശിക ആയത്.
6 മാസത്തെ ക്ഷേമ പെൻഷനാണ് നിലവിൽ കുടിശിക. ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണ് എന്ന നിലപാട് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വീകരിച്ചിരുന്നു. ഇന്ധന സെസും മദ്യ സെസും ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ ഈടാക്കുന്നുണ്ടെന്നും എന്നിട്ടും ക്ഷേമ പെൻഷൻ കൃത്യമായി തരുന്നില്ല എന്ന പരാതി ഹൈക്കോടതിക്ക് മുമ്പാകെ വന്നിരുന്നു. ആ കേസിലാണ് ക്ഷേമ പെൻഷൻ അവകാശമല്ല എന്ന നിലപാട് സർക്കാർ എടുത്തത്.
പെൻഷൻ കമ്പനി കൂടാതെ കിഫ്ബിയും നിർത്തലാക്കും എന്നാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെ റിപ്പോർട്ട്.റിപ്പോർട്ടിൻ്റെ അധ്യായം – 2 ലാണ് വിവാദ നിർദ്ദേശങ്ങൾ ഇടം പിടിച്ചത്. അധ്യായം 2 ൽ 3 ൽ പറയുന്നതിങ്ങനെ ” സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി രൂപികരിക്കപ്പെട്ടിട്ടുള്ള കിഫ്ബി , സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നിവ പ്രത്യേക ലക്ഷ്യം മുൻനിറുത്തി സൃഷ്ടിച്ച കമ്പനികളാണെന്നതും ലക്ഷ്യപൂർത്തികരണത്തോടു കൂടി പ്രസ്തുത സംവിധാനം നിറുത്തലാക്കപ്പെടും എന്നതും കണക്കിലെടുത്ത് ആയവയെ ഈ പ്രവൃത്തി പഠനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല”.