പെൻഷൻ പ്രായം വർദ്ധിപ്പിക്കരുത്! സാമ്പത്തിക ബാധ്യത ഇരട്ടിയാക്കും

പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന്റെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. ഈ അവസരത്തില്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിന്റെ കാണാപ്പുറങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഈ എഴുത്തിന്റെ ലക്ഷ്യം.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടുമെന്നത് കാലാകാലങ്ങളിലായി കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ട പൊതുബോധമാണ്. സത്യാനന്തര കാലത്തെ കല്ലുവെച്ച നുണയാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസിനെ സാമ്പത്തികമായും ഗുണപരമായും പ്രതിലോമകരമായി ബാധിക്കുന്ന ഒട്ടും ദിശാബോധമില്ലാത്ത നടപടിയാണ് പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ്.

ഇരട്ടിപ്പിച്ച് മാറ്റിവെക്കുന്ന സാമ്പത്തിക ബാധ്യത

പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് കേരളത്തിന്റെ റവന്യൂ ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ്. നിലവില്‍ കൊടുത്തു തീര്‍ക്കേണ്ട സാമ്പത്തിക ബാധ്യതയെ ഭാവിയിലേക്ക് മാറ്റിവെച്ച് ഇരട്ടിപ്പിക്കുന്ന ഉട്ടേപ്യന്‍ രീതിയാണ്. പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് സാമ്പത്തിക ബാധ്യത എങ്ങനെ വര്‍ധിപ്പിക്കുന്നു എന്നത് ഒരു റിയല്‍ ലൈഫ് ഉദാഹരണത്തിലൂടെ നമുക്ക് നോക്കാം.

ഹെഡ് ക്ലാര്‍ക്ക് തസ്തികയില്‍ 39300-83000 ശമ്പള സ്കെയിലില്‍ 62,200/- രൂപ അടിസ്ഥാന ശമ്പളം വാങ്ങിച്ചു വരവെ 30.04.2022 ന് വിരമിച്ച ഒരു ജീവനക്കാരന്റെ നിലവിലെ പെന്‍ഷന്‍ ആനുകൂല്യവും 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് 30.04.2026 ന് വിരമിക്കുന്ന പക്ഷം അയാള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ ആനുകൂല്യവും തമ്മില്‍ താരതമ്യം ചെയ്തു നോക്കാം.

മേല്‍ ഹെഡ് ക്ലാര്‍ക്കിന് 18.04.2022 ന് ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും വിരമിക്കലിനോട് അനുബന്ധിച്ചുള്ള അവധിയില്‍ ആയതിനാല്‍ ടിയാന്റെ സ്ഥാനക്കയറ്റം റിലിംഗ്വിഷ് ചെയ്തു.

30.04.2022 ന് വിരമിക്കുമ്പോള്‍

  • ശമ്പള സ്കെയില്‍: 39300-83000
  • 01.07.2021 മുതലുള്ള അടിസ്ഥാന ശമ്പളം: 62,200/-
  • പെന്‍ഷന്‍: (62200/2) x (24/30) = 24880/-
  • കമ്മ്യൂട്ടേഷന്‍: 24880×40%x12x11.10 = 13,25,606/-
  • ഡി.സി.ആര്‍.ജി (DA@7%): ((62,200+4354)/2)x24 = 7,98,648/-

30.04.2026 ന് വിരമിക്കുന്നുവെങ്കില്‍

ജൂനിയര്‍ സുപ്രണ്ട് തസ്തികയില്‍ വിരമിക്കുന്ന ടിയാന് 30.04.2026 നുള്ളില്‍ മറ്റ് പ്രമോഷനോ 2024 ലെ ശമ്പളപരിഷ്കരണ ആനുകൂല്യമോ കാലാകാലങ്ങളിലുള്ള ക്ഷാമബത്തയോ ലഭിക്കുന്നില്ല എന്ന അനുമാനത്തില്‍ ഡി.എ 7% എന്ന് കണക്കാക്കി പെന്‍ഷന്‍ ആനുകൂല്യം കണക്കാക്കിയാല്‍;

  • ശമ്പള സ്കെയില്‍: 43400-91200
  • 01.07.2025 മുതലുള്ള അടിസ്ഥാന ശമ്പളം: 71,800/-
  • പെന്‍ഷന്‍: (71800/2) x (28/30) = 33507/-
  • കമ്മ്യൂട്ടേഷന്‍: 33507 x 40%x10x9.81 = 13,14,814/-
  • DCRG (DA@7%): ((71,800+5,026)/2)x28 = 10,75,564/-

മേല്‍ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ടിയാന് 30.04.2026 നുള്ളില്‍ മറ്റ് പ്രമോഷനോ 2024 ലെ ശമ്പളപരിഷ്കരണ ആനുകൂല്യമോ കാലാകാലങ്ങളിലുള്ള ക്ഷാമബത്തയോ ലഭിക്കുന്നില്ല എന്ന അനുമാനത്തില്‍ ഡി.എ 7% എന്ന നിലയില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കണക്കാക്കിയാല്‍ തന്നെ 4 വര്‍ഷത്തെ പെന്‍ഷന്‍ പ്രായ വര്‍ധന കാരണം ഭീമമായ തുക ലാഭം ലഭിക്കുന്നതായി കാണാം.

ടിയാന് പ്രതിമാസ പെന്‍ഷനില്‍ 8,627/- രൂപയുടേയും DCRG യില്‍ 2,76,916/- രൂപയുടേയും ഭീമമായ സാമ്പത്തിക ലാഭം ലഭിക്കുന്നതായി കാണാം.

ടിയാന്റെ പെന്‍ഷന്‍ കമ്മ്യട്ടേഷനില്‍ മാത്രമാണ് 10,792/- രൂപയും കുറവ് വരുന്നതായി കാണുന്നത്. എന്നാല്‍ ടിയാന് 2024 ന് നടക്കേണ്ട ശമ്പള പരിഷ്കരണം ലഭിക്കുന്നില്ല എന്ന അനുമാനത്തില്‍ കമ്മ്യൂട്ടേഷന്‍ തുക കണക്കാക്കിയത് കാരണമാണ് 10,792/- രൂപ കുറവായിരിക്കും എന്ന് കാണുന്നത്. 2024 ല്‍ ലഭിക്കേണ്ട് ശമ്പള പരിഷ്കരണം കൂടി കണക്കിലെടുത്താല്‍ കമ്മ്യൂട്ടേഷന്‍ തുകയിലും കനത്ത വര്‍ദ്ധനവ് ലഭിക്കുമെന്ന് കാണാം.

മേല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് ചുരുങ്ങിയത് ഒരു വ്യക്തി വഴി തന്നെ പ്രതിവര്‍ഷ പെന്‍ഷനില്‍ തന്നെ 1,03,524/- രൂപയുടേയും, DCRG യില്‍ 2,76,916/- രൂപയുടേയും ഉള്‍പ്പെടെ മൊത്തം 3,80,440/- രൂപയുടെ പ്രതിവര്‍ഷ ബാധ്യത ഉണ്ടാകുന്നതായി കാണാം.

മേല്‍ തുകയെ ഓരോ വര്‍ഷവും വിരമിക്കുന്ന 20000 ജീവനക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍ സര്‍ക്കാരിന് പ്രതിവര്‍ഷം ചുരുങ്ങിയത് 760,88,00,000 (760.88 കോടി) രൂപയുടെ അധികബാധ്യത വരുന്നതായി കാണാം. ശമ്പള പരിഷ്കരണ-ക്ഷാമബത്ത ആനുകൂല്യങ്ങള്‍ കൂടി കണെക്കിലെടുത്താല്‍ പ്രതിവര്‍ഷ ബാധ്യത 1000 കോടി കവിയും.

തൊഴില്‍ രഹിത യുവത

കാല്‍ കോടിയോളം യുവാക്കളാണ് കേരള പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന ഈ യുവാക്കളുടെ പ്രതീക്ഷയാണ് കേരള സര്‍ക്കാരിന് കീഴില്‍ പ്രതിവര്‍ഷം വിരമിക്കലിലൂടെ വരുന്ന 20000-25000 ഒഴിവുകള്‍. യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നടപടിയായിരിക്കും പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് എന്നത് സുനിശ്ചിതം.

സ്ഥാനക്കയറ്റങ്ങളിലെ നീതി നിഷേധം

സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിതനിയമനം വഴി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വകുപ്പുകളിലെ ഉയര്‍ന്ന പദവികള്‍ പ്രാപ്യമാകുന്ന രീതിയിലാണ് നിലവിലെ സ്ഥാനക്കയറ്റത്തിന്റെ ഘടന. പി.എസ്.സി നിയമനം വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ സ്ഥാനക്കറ്റങ്ങളില്‍ അരികുവത്കരിക്കപ്പെടുന്നു.

സര്‍ക്കാര്‍ സര്‍വ്വീസിലെ ജീവനക്കാരുടെ മനോവീര്യം കെടാതെ സൂക്ഷിക്കുന്ന അല്ലെങ്കില്‍ ജീവനക്കാരെ പ്രചോദിപ്പിക്കുന്ന ഘടകമാണ് കാലകാലങ്ങളില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങള്‍. മനുഷ്യന്റെ സ്വാഭാവികമായ ആവശ്യങ്ങളെ കുറിച്ച് പഠിച്ച എബ്രഹാം മസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണി സിദ്ധാന്തങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ആത്മാഭിമാനം. പദവികള്‍, അംഗീകാരം, ബഹുമാനം തുടങ്ങിയവ മനുഷ്യന്റെ ആത്മാഭിനത്തെ ഉയര്‍ത്തും. കാലകാലങ്ങളില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങള്‍ ജീവനക്കാരന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തുകയും അവരെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നതുമാണ്.

പെന്‍ഷന്‍ പ്രായ വര്‍ധന പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ന്യായമായി കിട്ടേണ്ടുന്ന സ്ഥാനക്കയറ്റങ്ങളെ വൈകിപ്പിക്കുന്നതോ അല്ലെങ്കില്‍ നിഷേധിക്കപ്പെടുന്നതോ ആയി മാറുന്നു.

മുടങ്ങുന്ന സര്‍ക്കാര്‍ സര്‍വ്വീസ് നവീകരണം

വിദ്യാസമ്പന്നരായ, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങളില്‍ അതീവ ഗ്രാഹ്യമുള്ള, എഞ്ചിനിയറിംഗ് പശ്ചാതലത്തില്‍ നിന്നടക്കമുള്ള സാങ്കേതിക പരിജ്ഞാനമുള്ള പതിനായിരക്കണക്കിന് യുവാക്കളാണ് ഈ അടുത്ത കാലങ്ങളിലായി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് കടന്നു വരുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിന്റെ മുഖം തന്നെ മാറ്റാന്‍ പോകുന്ന ഇ-ഗവേണന്‍സ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരത്തിന് ചാലക ശക്തിയാകാന്‍ കെല്‍പ്പുള്ള കോര്‍ ഗ്രൂപ്പാണ് ഇത് വഴി സര്‍വ്വീസില്‍ വരുന്നത്.

എന്നാല്‍ പെന്‍ഷന്‍ പ്രായ വര്‍ധന വഴി പുതുതലമുറക്ക് അവസരം നിഷേധിച്ച്, മാറ്റങ്ങളോട് വിമുഖതയുള്ള, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങളില്‍ ഒട്ടും ഗ്രാഹ്യമില്ലാത്ത, ഉല്‍പാദന ക്ഷമതയില്ലാത്ത വര്‍ക്ക് ഫോഴ്സിനെ വീണ്ടും നിലനിര്‍ത്തുന്നത് സര്‍ക്കാര്‍ സര്‍വ്വീസിനെ വെന്റിലേറ്ററില്‍ കയറ്റുന്നതിന് തുല്യമാണ്. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ സര്‍വ്വീസ് നവീകരണത്തെ മുരടിപ്പിക്കുന്നതുമാണ്.

വൃദ്ധസദനങ്ങളാകുന്ന സര്‍ക്കാര്‍ സര്‍വ്വീസ്, തടയപ്പെടുന്ന തലമുറമാറ്റം

ഏത് രംഗത്തേയും പോലെ സര്‍ക്കാര്‍ സര്‍വ്വീസിലും സ്വഭാവികമായി നടക്കേണ്ടുന്ന പ്രക്രിയയാണ് തലമുറമാറ്റം. മാറ്റങ്ങളോട് വിമുഖതയുള്ള, മുന്‍കൈ എടുക്കാന്‍ മടിയുള്ള, വാര്‍ദ്ധക്യം ബാധിച്ച വര്‍ക്ക് ഫോഴ്സിനെ ആധുനിക സങ്കേതങ്ങള്‍ പരിശീലിപ്പിച്ചെടുക്കുന്നതിലും എളുപ്പം മാറ്റങ്ങളോട് എളുപ്പം താദാത്മ്യം പ്രാപിക്കുന്ന ആധുനിക സങ്കേതങ്ങളില്‍ പരിശീലനം സിദ്ധിച്ച യുവാക്കളിലൂടെ സര്‍ക്കാര്‍ സേവനത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ്. അതിന് എളുപ്പത്തിലുള്ള തലമുറമാറ്റം അനിവാര്യമാണ്.അതിനെ തുരങ്കം വെച്ച് പെരുന്തച്ചന്‍മാരെ സൃഷ്ടിക്കുന്നതാണ് പെന്‍ഷന്‍ പ്രായ വര്‍ധന.

പെന്‍ഷന്‍ പ്രായ വര്‍ദ്ധന ഒരു തരത്തിലും സാമ്പത്തിക പ്രതിസന്ധിയെ ഇല്ലാതാക്കുന്ന ഒന്നല്ല. പകരം സാമ്പത്തിക ബാധ്യതയെ ഭാവിയിലേക്ക് മാറ്റിവെച്ച് ഇരട്ടിപ്പിക്കുന്നതാണെന്ന് സുനിശ്ചിതം. ദീര്‍ഘദൃഷ്ടിയില്ലാത്ത ക്ഷിപ്രസാമ്പത്തിക ലാഭത്തിന് ഉതകുന്ന ഈ നടപടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസിന് പ്രതിലോമകരവുമാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments