തിരുവനന്തപുരം : തീരാ ദു:ഖമായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി. പുതിയ ഗതാഗത മന്ത്രിയായി ആന്റണി രാജുവിന് പകരം മന്ത്രി ഗണേഷ് കുമാർ അധികാരത്തിലേറിയിട്ടും പ്രത്യാകിച്ച് മാറ്റമൊന്നുമില്ലെന്ന അഭിപ്രായത്തിലാണ് കെഎസ്ആർടിസി ജീവനക്കാർ.
ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം ഇതുവരെ ജീവനക്കാർക്ക് നൽകിയിട്ടില്ല . ശമ്പളം മുടങ്ങുന്നത് പതിവായതോടെ ജീവനക്കാരുടെ സംഘടനയായ ബിഎംഎസ് സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചിന് ഒരുങ്ങുന്നു എന്നാണ് വിവരം. സെക്രട്ടേറിയേറ്റിലേക്ക് നാളെ പ്രതിഷേധ മാർച്ച് നടത്താനാണ് യൂണിയൻ തീരുമാനം.
ശമ്പളകുടിശിക കിട്ടുന്നതുവരെ സമരം തുടരാണ് തീരുമാനം. വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പൂർണമായി ലഭിച്ചിരുന്നില്ല. ഇതോടെ ഡിപ്പോയിൽ പ്രതിഷേധ കണിയൊരുക്കി കെഎസ്ആർടിസി എംപ്ലോയിസ് സംഘ് പ്രതിഷേധിച്ചിരുന്നു. രണ്ട് ഗഡുക്കളായാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.
ആദ്യ ഗഡു എല്ലാ മാസവും അഞ്ചാം തീയതിയിലും രണ്ടാമത്തെ ഗഡു 15ന് ശേഷവുമാണ് എത്തുന്നത്. എന്നാൽ ഈ സമ്പ്രദായത്തിന് മാറ്റം ഉണ്ടാകുമെന്നും ഒറ്റ ഗഡുവായി എല്ലാ മാസവും അഞ്ചാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളമെത്തുമെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വാഗ്ദാനം . വൻ വാഗ്ദാനങ്ങൾ നൽകി ഗതാഗത മന്ത്രി സ്ഥാനത്തെത്തിയ കെബി ഗണേഷ് കുമാർ വിദേശത്ത് അവധിക്കാലം ആഘോഷിക്കുമ്പോൾ ജീവനക്കാർ ശമ്പളമില്ലാതെ വലയുന്നു എന്നതാണ് വിരോദാഭാസം.